ad
Deshabhimani

print edition ആഴത്തിൽ പരിശോധിക്കും; തിരുത്തും: എം എ ബേബി

M A Baby
വെബ് ഡെസ്ക്

Published on May 05, 2026, 12:00 AM | 1 min read

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കുള്ള കാരണങ്ങൾ പാർടി വിലയിരുത്തി ആവശ്യമായ എല്ലാ തിരുത്തൽ നടപടിയും സ്വീകരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.


കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിയും ബംഗാളിൽ ബിജെപി നേടിയ വിജയവുമാണ്‌ പ്രധാന സവിശേഷതകൾ. ടിവികെയുടെ മുന്നേറ്റമുണ്ടായ തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിനും തിരിച്ചടിയുണ്ടായി. അസം നിലനിർത്തിയ ബിജെപി പുതുച്ചേരിയിൽ എൻആർ കോൺഗ്രസിനൊപ്പം ഒരിക്കൽ കൂടി ജയിച്ചു.


10 വർഷത്തെ തുടർച്ചയായ ഭരണത്തിൽ ഒട്ടനവധി ജനക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫ്‌ സർക്കാർ നടത്തി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികമായ ഞെരുക്കലിനിടെയും ജനാഭിലാഷങ്ങൾ നിറവേറ്റി. അതിദാരിദ്ര്യം തുടച്ചുനീക്കി. ഇതെല്ലാമായിട്ടും സംഭവിച്ച തിരിച്ചടി ആഴത്തിൽ പരിശോധിക്കും– ബേബി പറഞ്ഞു. ​


ജനവിധി സിപിഐ എം മാനിക്കുന്നു. സിപിഐ എമ്മിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പ്രതിരോധത്തിനുമായുള്ള പോരാട്ടങ്ങൾ തുടരും.


അടുത്ത പൊളിറ്റ്‌ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ തെരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ച്‌ സമഗ്രമായ വിശകലനം നടത്തും. പുതിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള കർമ്മ പദ്ധതിക്ക്‌ രൂപം നൽകും.


പശ്‌ചിമ ബംഗാളിൽ തൃണമൂലിനെതിരായ ഭരണവിരുദ്ധ വികാരമടക്കം ബിജെപി വിജയത്തിന്‌ നിരവധി ഘടകങ്ങളുണ്ട്‌. വിദ്വേഷപ്രചാരണം, വൻതോതിലുള്ള പണമൊഴുക്ക്‌, കേന്ദ്രഏജൻസികളുടെ ദുരുപയോഗം, എസ്‌ഐആർ എന്നിവയെല്ലാം ബിജെപി ആയുധമാക്കി. എന്നിട്ടും ഇടതുപക്ഷം നില മെച്ചപ്പെടുത്തി.


ബംഗാളിലും അസമിലും പുതുച്ചേരിയിലും ബിജെപി നേതൃത്വത്തിലുള്ള വലതുപക്ഷ വർഗീയ ശക്തികളുടെ മുന്നേറ്റം എല്ലാ മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ ശക്തികൾക്കും ആശങ്കയുളവാക്കുന്നതാണ്‌– ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home