ad
Deshabhimani

അനിശ്ചിതത്വം തുടരുന്നു; പത്താം നാളും മുഖ്യമന്ത്രിയില്ല

kerala cm issue
വെബ് ഡെസ്ക്

Published on May 13, 2026, 07:32 PM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് നേതൃത്വം കടുത്ത അനിശ്ചിതത്വത്തിൽ. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ചർച്ചകൾ പൂർത്തിയായി, പ്രഖ്യാപനം നാളെ എന്ന് ഒറ്റവരിയിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ എപ്പോൾ, എവിടെവച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.


എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ വിഷയത്തിൽ അന്തിമ ധാരണയിലെത്തിയതായാണ് സൂചന. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് താല്പര്യപ്പെടുന്നത്. കഴിഞ്ഞദിവസം രാഹുൽ ഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത കേരളത്തിലെ മുതിർന്ന നേതാക്കളുടെയും വർക്കിങ് പ്രസിഡന്റുമാരുടെയും യോഗത്തിൽ ഭൂരിഭാഗം പേരും വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. എ കെ ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.


അതേസമയം, ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനമുുണ്ടാകുമെന്ന വിശ്വാസത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കെപിസിസി ആസ്ഥാനത്തും വി ഡി സതീശൻ, രമേസ് ചെന്നിത്തല എന്നിവരുടെ വീടുകളിലും തടിച്ചുകൂടിയിരുന്നു. പലയിടങ്ങളിലും രഹസ്യമായി മധിരപലഹാരങ്ങൾ വരെ തയാറാക്കിയിരുന്നു. വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരവരുടെ വസതികളിൽ രാവിലെ മുതൽ ഉണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോടോ പ്രവർത്തകരോടോ പ്രതികരിക്കാൻ തയാറായില്ല.


വി ഡി സതീശന് വേണ്ടി മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ നടത്തുന്ന സമ്മർദങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമാണ്. കോൺഗ്രസ് നേതാവിനെ തീരുമാനിക്കാൻ ഘടകകക്ഷികൾക്ക് അവകാശമില്ലെന്ന് എം എം ഹസൻ തുറന്നടിച്ചു. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ തുടങ്ങിയ യുവനേതാക്കളും വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി നിർണയത്തിൽ ലീഗ് ഇടപെടേണ്ടതില്ല എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു.


ജനവിധിയെ അപഹസിക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ തമ്മിലടിക്കുന്നത് ദേശീയതലത്തിൽ തന്നെ കോൺ​ഗ്രസിനും യുഡിഎഫിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home