മംഗളൂരുവിൽ വൻ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ്: യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിൽ

നിസാം
മംഗളൂരു: പ്രമുഖ വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ടു വർഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസിൽ കർണാടക യൂത്ത് കോൺഗ്രസ് ഭാരവാഹിയെയും കൂട്ടാളിയെയും മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നിസാം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 2024-ൽ ജിതേഷ് വ്യവസായിയെ കെണിയിൽ പെടുത്തുകയും പിന്നീട് ഇയാളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദൃശ്യങ്ങൾ ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജിതേഷ് ആദ്യം 35 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മാനാഭിമാനം ഭയന്ന വ്യവസായി ഈ തുക ചെക്ക് മുഖേന കൈമാറി.
എന്നാൽ പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടർന്നതോടെ വ്യവസായി സഹായത്തിനായി നിസാമിനെ സമീപിക്കുകയായിരുന്നു. എന്നാൽ നിസാം ഇയാളെ സഹായിക്കുന്നതിന് പകരം ജിതേഷുമായി കൈകോർത്ത് തട്ടിപ്പിന്റെ ഭാഗമാവുകയാണ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തുടർന്ന് ജിതേഷ് ആത്മഹത്യ ചെയ്തെന്ന രീതിയിൽ ഇരുവരും ചേർന്ന് ഒരു വ്യാജക്കഥ ചമച്ചു. 2024 മെയ് മാസത്തിൽ ജിതേഷ് ആത്മഹത്യ ചെയ്തതായും മരണക്കുറിപ്പിൽ വ്യവസായിയുടെ പേരുണ്ടെന്നും നിസാം ഇയാളെ ധരിപ്പിച്ചു.
കഥ വിശ്വസിപ്പിക്കുന്നതിനായി ജിതേഷിന്റെ ശവസംസ്കാര ചടങ്ങുകളുടേതെന്ന വ്യാജേനയുള്ള ചിത്രങ്ങളും പ്രതികൾ വ്യവസായിക്ക് അയച്ചുകൊടുത്തു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അറസ്റ്റും സാമൂഹിക അപമാനവും ഭയന്ന വ്യവസായി വീണ്ടും പണം നൽകിക്കൊണ്ടിരുന്നു. 2024 നും 2026 നും ഇടയിൽ ആകെ 2.77 കോടി രൂപയാണ് പ്രതികൾ ഇത്തരത്തിൽ തട്ടിയെടുത്തത്. എന്നാൽ, കഴിഞ്ഞ ദിവസം മംഗളൂരുവിൽ വെച്ച് ജിതേഷിനെ വ്യവസായി അപ്രതീക്ഷിതമായി നേരിൽ കണ്ടതോടെയാണ് വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
മരിച്ചു എന്ന് കരുതിയ ആൾ ജീവനോടെയുണ്ടെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞ വ്യവസായി ഉടൻ തന്നെ ഉർവ പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നിസാമും ജിതേഷും അറസ്റ്റിലായി.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, അറസ്റ്റിന് പിന്നാലെ നിസാം മംഗളൂരുവിലെയും കർണാടകയിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.









0 comments