കർണാടകയിൽ 6000 കോടിയുടെ അഴിമതി; സിദ്ധരാമയ്യ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വൈൻ മർച്ചന്റ്സ് അസോസിയേഷൻ

ബംഗളൂരു: കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിനെതിരെ 6000 കോടി രൂപയുടെ എക്സൈസ് അഴിമതി ആരോപണവുമായി സംസ്ഥാന വൈൻ മർച്ചന്റ്സ് അസോസിയേഷൻ.
കഴിഞ്ഞ രണ്ട് വർഷത്തെ ഭരണത്തിനിടെ എക്സൈസ് വകുപ്പിൽ വൻതോതിൽ ക്രമക്കേട് നടന്നതായും ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ് ദേശീയ നേതാക്കളായ മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും കത്തയക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ബംഗളൂരുവിലെ ബാർ ലൈസൻസുകൾ അനുവദിക്കുന്നതിന് ഒരു കോടി മുതൽ രണ്ട് കോടി രൂപ വരെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാമി ആരോപിച്ചു.
എക്സൈസ് മന്ത്രി ആർ ബി തിമ്മപുരിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നാണ് ഈ അഴിമതി നടത്തുന്നത്. മുഖ്യമന്ത്രിയോട് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഴിമതി നടന്നിട്ടില്ലെന്നും എക്സൈസ് മന്ത്രി ആർ ബി തിമ്മപുർ പ്രതികരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് തെളിവ് ഹാജരാക്കണമെന്നും സഭയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഇതേ അസോസിയേഷൻ ഗവർണർക്കും ലോകായുക്തക്കും സമാനമായ പരാതികൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ആരോപണങ്ങൾ.











0 comments