ad
Deshabhimani

ഓഫീസിനകത്തെ അശ്ലീല കേളികൾ വൈറലായി, കര്‍ണ്ണാടക ഡിജിപിക്ക് സസ്പെൻഷൻ

KARNATAKA DGP
വെബ് ഡെസ്ക്

Published on Jan 20, 2026, 10:48 AM | 2 min read

ബെംഗളൂരു: ഓഫീസിനകത്ത് സ്ത്രീകളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു.മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം യൂണിഫോം ധരിച്ച് ഓഫീസ് സമയത്ത് ഒന്നിലധികം സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തെത്തി.സോഷ്യൽ മീഡിയയിൽ ക്ലിപ്പുകൾ വൈറലായി.സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പും പുറത്തു വന്നവയിൽ ഉൾപ്പെടുന്നു.


ഇതോടെ കര്‍ണ്ണാടക ആഭ്യന്തര വകുപ്പും സമ്മര്‍ദ്ദത്തിലായി.വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സസ്പെൻഷൻ.വീഡിയോ ക്ലിപ്പുകളുടെ ആധികാരികത ഇനിയും ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.


ഡിജിപിയുടെ ഓഫീസിനുള്ളിൽ സമ്മതമില്ലാതെ സ്ത്രീകൾ സന്ദർശിക്കുന്നതും,ഔദ്യോഗിക ജോലികൾ നടക്കുമ്പോൾ റാവു അവരുമായി ഇടപഴകുന്നതും പുറത്തു വന്ന വീഡിയോയിൽ ഉൾപ്പെടുന്നു.


സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് വിഭാഗം ഡിജിപിയായ രാമചന്ദ്ര റാവുവിന് വിരമിക്കാൻ നാലുമാസം മാത്രമാണ് ബാക്കിയുള്ളത്.1993 ബാച്ച് ഉദ്യോഗസ്ഥനാണ്. എട്ട് വര്‍ഷം പഴയ ദൃശ്യമാണെന്ന് പറഞ്ഞാണ് ഡിജിപി രക്ഷപെടാൻ ശ്രമിച്ചത്. തുടക്കത്തിൽ സംസ്ഥാന ഭരണകൂടവും നടപടി നീട്ടിക്കൊണ്ടു പോയി എങ്കിലും വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി.


2023 സെപ്റ്റംബറിലാണ് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. ഇതിനിടെ അഡ്മിനിസ്ട്രേറ്റീവ് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട് നിർബന്ധിത അവധിയിൽ പോയിരുന്നു. 2025 ഓഗസ്റ്റിൽ നിലവിലെ തസ്തികയിൽ വീണ്ടും തിരിച്ചെത്തി. 2014-ൽ മൈസൂരുവിൽ നടന്ന പണപ്പിരിവ് വിവാദത്തിലും റാവുവിന് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലും യാതൊരു അന്വേഷണവും ഉണ്ടായില്ല.


ബെംഗളൂരു മെട്രോപൊളിറ്റൻ ടാസ്‌ക് ഫോഴ്‌സിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി), സതേൺ റേഞ്ചിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി), കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


വീഡിയോ പുറത്ത് വന്നതോടെ തന്നെ ഇദ്ദേഹം ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പക്ഷെ അപ്പോഴേക്കും ദൃശ്യങ്ങൾ ലോകം മുഴുവൻ പരന്നിരുന്നു.


കന്നഡ നടി ഹർഷവർധിനി രണ്യ എന്ന രണ്യ റാവുവിന്റെ രണ്ടാനച്ഛനാണ് റാവു.ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 12.56കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് ഇവര്‍.ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 14.8കിലോഗ്രാം സ്വർണ്ണവുമായി 2025മാർച്ച് 3ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്യ പടിയിലായത്.


വ്യവസായി തരുൺ രാജു,ആഭരണ വ്യാപാരി സാഹിൽ ജെയിൻ എന്നിവരും കേസിൽ പ്രതികളായിരുന്നു.തുടർന്നുള്ള അന്വേഷണങ്ങളിൽ 2023നും 2025നും ഇടയിൽ ദുബായിലേക്ക് 45തവണ ഇവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home