print edition രാജിക്കൊരുങ്ങി ഡി കെ ശിവകുമാർ; കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി

ഡി കെ ശിവകുമാറും സിദ്ധരാമയ്യയും

സ്വന്തം ലേഖകൻ
Published on May 27, 2026, 03:23 AM | 1 min read
ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യയും പിടിച്ചെടുക്കാൻ ഡി കെ ശിവകുമാറും നടത്തുന്ന പോര് മുറുകിയതോടെ കർണാടക കോൺഗ്രസ് വൻ പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന വാശിയിലാണ്. തന്നെ മാറ്റിയാൽ ദളിത് വിഭാഗക്കാരനായ ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നും വാദിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രിപദം രാജിവയ്‌ക്കുമെന്നാണ് ശിവകുമാറിന്റെ ഭീഷണി. പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചുള്ള കത്ത് ശിവകുമാർ നേതൃത്വത്തിന് കൈമാറിയെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്നും ഭീഷണിയുണ്ട്. മുഖ്യമന്ത്രിപദം പങ്കുവയ്‌ക്കാമെന്ന വാക്ക് പാലിച്ചില്ല എന്നതാണ് ശിവകുമാറിന്റെ പരാതി.
എഐസിസി ആസ്ഥാനത്ത് ചർച്ചയിൽ സിദ്ധരാമയ്യക്കും ശിവകുമാറിനും പുറമെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല എന്നിവർ പങ്കെടുത്തു. കേന്ദ്രനേതാക്കൾ പലവട്ടം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ചർച്ച നടത്തി. വൈകിട്ട് സിദ്ധരാമയ്യ ബംഗ്ലുരുവിലേക്ക് മടങ്ങി.
അതേസമയം, കർണാടകയിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കും ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുമുള്ള സ്ഥാനാർഥി നിർണയമാണ് ചർച്ചയായതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 18ന് രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റ ചർച്ചയാകാമെന്ന ഉറപ്പിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് സൂചനയുണ്ട്. പരമാവധി സമയം നീട്ടിക്കൊണ്ടുപോയി പ്രതിസന്ധി മറികടക്കാനാണ് ഹൈക്കമാൻഡ് ശ്രമം. മുഖ്യമന്ത്രിസ്ഥാനമില്ലെങ്കിൽ രാജിയെന്ന നിലപാടിൽ ശിവകുമാർ ഉറച്ചുനിന്നാൽ ഹൈക്കമാൻഡ് വെട്ടിലാകും.











0 comments