ad
Deshabhimani

കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യയോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

Image Credit : India Today
വെബ് ഡെസ്ക്

Published on May 26, 2026, 07:30 PM | 1 min read

ന്യൂഡൽഹി: കർണാടക കോൺഗ്രസിലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറി രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനാണ് എഐസിസി നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.


മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ നിർണ്ണായക നിർദ്ദേശം മുന്നോട്ടുവെക്കപ്പെട്ടത്.


മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ഒപ്പം ഡൽഹിയിൽ പാർട്ടിയുടെ ഉയർന്ന പദവിയും നൽകാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായാണ് വിവരം. കൂടാതെ അദ്ദേഹം മുന്നോട്ടുവെക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.


എങ്കിലും, മുഖ്യമന്ത്രി പദവി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ദിരാഭവനിൽ നടന്ന ചർച്ചകൾ നിലവിൽ പരാജയപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. പെട്ടെന്നൊരു പദവി കൈമാറ്റത്തിന് സിദ്ധരാമയ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും തയ്യാറായിട്ടില്ല. അഞ്ച് വർഷം തികച്ചു ഭരിക്കാൻ അനുവദിക്കണമെന്ന നിലപാടിൽ സിദ്ധരാമയ്യ ഉറച്ചുനിന്നതോടെ ചർച്ചകൾ അനിശ്ചിതത്വത്തിലായി.


സർക്കാർ രൂപീകരണ വേളയിൽ ഉണ്ടാക്കിയ രണ്ടര വർഷത്തെ അധികാരം പങ്കിടൽ ധാരണ പ്രകാരം തനിക്ക് മുഖ്യമന്ത്രി പദവി ലഭിക്കണമെന്ന ആവശ്യത്തിൽ ഡികെ ശിവകുമാർ ഉറച്ചുനിൽക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് സംസ്ഥാനത്തെ പാർട്ടി സംവിധാനത്തെ ബാധിക്കുമെന്ന ആശങ്ക ഹൈക്കമാൻഡിനുമുണ്ട്.


വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടക കോൺഗ്രസിലെ ആഭ്യന്തര കലഹം പരസ്യമാകുന്നത് തടയാൻ വരും ദിവസങ്ങളിലും ഡൽഹി കേന്ദ്രീകരിച്ച് കൂടുതൽ ചർച്ചകൾ നടന്നേക്കും. സിദ്ധരാമയ്യയെ അനുനയിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് നീക്കം വിജയിക്കുമോ അതോ കർണാടകത്തിൽ ഭരണം പ്രതിസന്ധിയിലാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home