ad
Deshabhimani

തർക്കത്തിനൊടുവിൽ അത്യപൂർവ സമവായം: സിദ്ധരാമയ്യ ‘കാവേരി’യിൽ തുടരും; ഡി കെ ശിവകുമാറിന് പുതിയ ഔദ്യോഗിക വസതി

Image Credit : India Today

സിദ്ധരാമയ്യ, ഡി കെ ശിവകുമാർ

വെബ് ഡെസ്ക്

Published on Jun 02, 2026, 04:23 PM | 1 min read

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ നേതൃമാറ്റത്തിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെച്ചൊല്ലിയും തർക്കം. തുടർച്ചയായ തർക്കത്തിനൊടുവിൽ അത്യപൂർവ സമവായത്തിലെത്തിയിരിക്കുകയാണ് നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും പരമ്പരാഗതമായി മുഖ്യമന്ത്രിമാർക്ക് അനുവദിക്കാറുള്ള ‘കാവേരി’ ബംഗ്ലാവ് 2028 വരെ സിദ്ധരാമയ്യക്ക് തന്നെ വിട്ടുനൽകാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.


നിലവിലെ കോൺഗ്രസ് സർക്കാരിന്റെ കാലാവധി തീരുന്നതുവരെ സിദ്ധരാമയ്യ ‘കാവേരി’യിൽ തന്നെ താമസിക്കും. ഇതേത്തുടർന്ന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനായി സർക്കാർ മറ്റൊരു ഔദ്യോഗിക വസതി കണ്ടെത്താൻ തീരുമാനിച്ചു. ഇപ്പോള്‍ സ്വന്തം സ്വകാര്യ വസതിയിൽനിന്ന് ഭരണം നിയന്ത്രിക്കുന്ന ശിവകുമാർ, പിന്നീട് പുതിയ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറ്റും.


കർണാടകത്തിൽ സാധാരണയായി മുഖ്യമന്ത്രിമാരാണ് കാവേരി ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കാറുള്ളത്. കർണാടക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ നേതാവ് ഔദ്യോഗിക വസതിയിൽ തന്നെ തുടരുന്നത് ഇതാദ്യമല്ല. 2021-ൽ ബി ജെ പി ഭരണകാലത്ത് ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴും ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറായിരുന്നില്ല. സമാനമായ രീതിയിലാണ് ഇപ്പോൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ വസതിയുടെ കാര്യത്തിൽ പ്രത്യേക ഉടമ്പടിയിലെത്തിയിരിക്കുന്നത്.


അതേസമയം, സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ ലോക് ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾക്കായി ഇരു നേതാക്കളും ഡൽഹിക്ക് തിരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home