കൻവർ യാത്ര ; വീണ്ടും വർഗീയ ധ്രുവീകരണ നീക്കവുമായി ബിജെപി

ന്യൂഡൽഹി
കൻവർ തീർഥാടന യാത്രക്കിടെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ. കൻവർ യാത്രയ്ക്കിടയിലെ കപടവേഷധാരികളെ കണ്ടെത്താൻ ‘ഓപ്പറേഷൻ കാലനേമി’ക്ക് തുടക്കം കുറിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യാഴാഴ്‌ച പറഞ്ഞു.
പുരാണത്തിൽ സന്യാസിയായി വേഷംമാറി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച അസുരനായ കാലനേമിക്ക് സമാനമായി മതത്തിന്റെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി ‘കാലനേമികൾ' സമൂഹത്തിലുണ്ടെന്ന് ധാമി പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്താൻ അനുവദിക്കില്ല. തെറ്റിദ്ധാരണപരത്തുന്ന ഏതു മതത്തിൽപ്പെട്ടവർക്കെതിരെയും കർശന നിയമനടപടിയെടുക്കും. തീർഥാടക സമിതികളിലും താമസിക്കുന്ന ഹോട്ടലുകളിലും പുറത്തുനിന്ന് ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
തീർഥാടന യാത്ര കടന്നുപോകുന്ന വഴികളിൽ ജൂലൈ 31 വരെ ഇറച്ചിക്കടകൾ പൂട്ടണമെന്ന് ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകൾ ഉത്തരവിട്ടിരുന്നു. ഇറച്ചിക്കടകളുടെ ലൈസൻസ് ഒരു മാസം നിർബന്ധമായും റദ്ദാക്കുമെന്നും സർക്കാരുകൾ അറിയിച്ചു.
ശിവഭക്തരുടെ തീർഥാടന യാത്രയായ കൻവർ യാത്രയ്ക്കായി 10 ലക്ഷം വരെ സഹായധനം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. കഴിഞ്ഞവർഷവും കൻവർ യാത്രയുടെ പേരിൽ വർഗീയ ധ്രുവീകരണം നടന്നിരുന്നു. കൻവർ യാത്രപോകുന്ന വഴികളിൽ ഭക്ഷണക്കടകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് യുപിയിലെ മുസഫർ നഗർ പൊലീസ് ഉത്തരവിട്ടിരുന്നു.










0 comments