അധികാരത്തിന്റെ പേരിൽ നിരപരാധികളെ വേട്ടയാടരുത്: കമൽഹാസൻ

ചെന്നൈ: അധികാരത്തിന്റെ പേരിൽ നിരപരാധികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച കോടതി വിധിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമം അറിയുന്നവരും പൊതുജനങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവരും യാതൊരു ദയയുമില്ലാതെ കാട്ടിയ ക്രൂരതകൾ ഹൃദയഭേദകമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2020 ജൂൺ 19ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജയരാജിനും മകൻ ബെന്നിക്സിനും നേരിടേണ്ടി വന്ന ക്രൂരമായ മർദ്ദനവും തുടർന്നുണ്ടായ മരണവും രാജ്യത്തെ നടുക്കിയ അനീതിയാണെന്നും, ഇതിനെതിരെ അക്ഷീണം പോരാടിയ കുടുംബാംഗങ്ങൾ, സാത്താൻകുളം ഗ്രാമവാസികൾ, സാമൂഹിക പ്രവർത്തകർ, സിബിഐ ഉദ്യോഗസ്ഥർ എന്നിവർ പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായി താൻ വധശിക്ഷയ്ക്ക് എതിരാണെന്നും ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ യാതൊരു ഇളവുകളും കൂടാതെ കഠിനമുറകളോടെ ജീവപര്യന്തം തടവിലാക്കണമെന്നാണ് തന്റെ നിലപാടെന്നും കമൽ ഹാസൻ കുറിച്ചു. മനുഷ്യത്വരഹിതമായ പ്രവൃത്തികളിൽ ഏർപ്പെട്ട പ്രതികളുടെ കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
അതോടൊപ്പം, മർദ്ദനമേറ്റ് മരിച്ചവരുടെ മൃതദേഹം കാണാതെ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കും, അവരെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട വ്യക്തിക്കും, വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കും, ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് മനസ്സാക്ഷിയില്ലാത്ത രീതിയിൽ സംസാരിച്ച ഭരണാധികാരികൾക്കും ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










0 comments