ബിജെപിയുടെ തന്ത്രമോ? കെ അണ്ണാമലൈ പാർട്ടി വിട്ടു, രാജി അംഗീകരിച്ച് കേന്ദ്ര നേതൃത്വം

ചെന്നൈ: തമിഴ്‌നാട് ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടു. അണ്ണാമലൈ സമർപ്പിച്ച രാജി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഔദ്യോഗികമായി അംഗീകരിച്ചു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന അണ്ണാമലൈ, ജൂൺ രണ്ടിനാണ് തന്റെ രാജി കത്ത് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയെങ്കിലും പാർട്ടിയിൽ തുടരാനില്ലെന്ന നിലപാടിൽ അണ്ണാമലൈ ഉറച്ചുനിൽക്കുകയായിരുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് അണ്ണാമലൈയെ ചൊടിപ്പിച്ചത്.
സഖ്യ പരീക്ഷണങ്ങളെ ശക്തമായി എതിർത്ത അണ്ണാമലൈയെ പാർട്ടി തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങുകയും വോട്ട് വിഹിതം 11 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുത്തനെ ഇടിയുകയും ചെയ്തു.
തന്റെ നിലപാടുകൾ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ചൂണ്ടിക്കാട്ടി, തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയതിനെതിരെയുള്ള റിപ്പോർട്ടും രാജി കത്തിനൊപ്പം അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ദേശീയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നത് തന്റെ രാഷ്ട്രീയ വളർച്ചയ്ക്കും തമിഴ്‌നാടിന്റെ പ്രാദേശിക താല്പര്യങ്ങൾക്കും തടസ്സമാണെന്ന നിഗമനത്തിലാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ.










0 comments