ad
Deshabhimani

ജേണലിസ്റ്റ് രാജേഷ് അവസ്തി മരിച്ച നിലയിൽ; മരണം ദൈനിക് ജാഗ്രണിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ

rajesh awasthi
വെബ് ഡെസ്ക്

Published on Jun 01, 2026, 08:15 PM | 1 min read

മീററ്റ്: മുതിർന്ന പത്രപ്രവർത്തകനായ രാജേഷ് അവസ്തി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് മൃതദേഹം കണ്ടെത്തയത്. മീററ്റിലെ ദൈനിക് ജാഗ്രൺ പത്രത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചയാളാണ് രാജേഷ് അവസ്തി. സ്ഥാപനത്തിൽ നടന്ന പിരിച്ചുവിടലിന്റെ ഭാഗമായി അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വിശ്വസ്തതയോടെ ജോലി ചെയ്തിട്ടും പെട്ടെന്ന് ജോലി നഷ്ടപ്പെട്ടത് അദ്ദേഹത്തെ കടുത്ത വിഷാദത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചുവെന്നാണ് വിവരം.


വെള്ളിയാഴ്ച (മെയ് 21) വീട് വിട്ടിറങ്ങിയ അദ്ദേഹത്തെ ശനിയാഴ്ച (മെയ് 23) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് സുൽഫാസ് ഗുളികകളുടെ പാക്കറ്റുകൾ ലഭിച്ചതിനാൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും തൊഴിലിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ മരണം സഹപ്രവർത്തകർക്ക് വലിയ ഞെട്ടലുണ്ടാക്കി. കടുത്ത പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ സഹപ്രവർത്തകർ അഭ്യർഥന നടത്തിയിട്ടുണ്ട്.


സംഭവത്തിൽ ഡൽഹി ജേണലിസ്റ്റ്സ് യൂണിയൻ (ഡിയുജെ) കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. മാധ്യമമേഖലയിലെ തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പുതിയ നിയമ ഭേദഗതികളും പത്രപ്രവർത്തകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് ഡിയുജെ ‌ചൂണ്ടിക്കാട്ടുന്നു. മുൻപ് മൂന്ന് മാസത്തെ പിരിച്ചുവിടൽ വേതനം ഉറപ്പുനൽകിയിരുന്ന 'വർക്കിംഗ് ജേണലിസ്റ്റ്സ് ആക്ട്' അട്ടിമറിച്ച്, പുതിയ ലേബർ കോഡുകളിലൂടെ നഷ്ടപരിഹാരം ഒരു മാസമായി ചുരുക്കിയതും കരാർ തൊഴിൽ സമ്പ്രദായവും ഇവരുടെ സാമൂഹിക സുരക്ഷ ഇല്ലാതാക്കി.


ഈ സാഹചര്യത്തിൽ, മാധ്യമ മാനേജ്‌മെന്റുകൾ വിസമ്മതിക്കുന്നതിനാൽ സംസ്ഥാന സർക്കാരുകൾ പത്രപ്രവർത്തകർക്ക് മാന്യമായ പെൻഷൻ അനുവദിക്കണമെന്നും, അന്തരിച്ച രാജേഷ് അവസ്തിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഡിയുജെ ആവശ്യപ്പെട്ടു. കൂടാതെ, മെച്ചപ്പെട്ട വേതനം, കരാർ സമ്പ്രദായം അവസാനിപ്പിക്കൽ, പെൻഷൻ, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കായി എല്ലാ മാധ്യമപ്രവർത്തകരും ഒന്നിച്ച് നിൽക്കണമെന്നും സംഘടന അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home