എൽപിജി വിതരണം നിലച്ചു; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: കേരളത്തിലെ പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി.
സംസ്ഥാനത്ത് എൽപിജി വിതരണം ഏതാണ്ട് പൂർണ്ണമായി നിലച്ചിരിക്കുകയാണെന്നും വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിവെച്ചത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ 30 ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ സ്ഥിതി ഗുരുതരമായത്.
എൽപിജി നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും വിതരണം മുൻഗണനാക്രമത്തിലാക്കാൻ സംവിധാനമുണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഭക്ഷ്യ ലഭ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രം ഉടൻ ഇടപെടണം. വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടൽ മേഖലയെയും റെയിൽവേ കാറ്ററിംഗിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാനായി സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതി വ്യവസായികളുമായി ചർച്ച തുടങ്ങിയിട്ടുണ്ടെങ്കിലും വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം മുൻകൈ എടുക്കണമെന്നും വിതരണ ശൃംഖല പുനഃസ്ഥാപിക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.










0 comments