വനിതാ സംവരണത്തിൽ കേന്ദ്രത്തിന്റേത് ഏകപക്ഷീയ നീക്കം; പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിൽ ഭരണഘടനാ ഭേദഗതികളുമായി ഏകപക്ഷീയമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ബംഗാളിലും തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ തിടുക്കപ്പെട്ട് പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് പ്രതിപക്ഷം അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ ഭേദഗതി പോലുള്ള നിർണ്ണായക കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് അംഗങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം കീഴ്വഴക്കങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഭേദഗതി പ്രകാരം ലോക്‌സഭാ സീറ്റുകളുടെ പുനർനിർണ്ണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ പ്രാതിനിധ്യം നഷ്ടപ്പെടും. ദക്ഷിണേന്ത്യയിൽ സീറ്റുകളുടെ എണ്ണത്തിൽ 63 മുതൽ 65 വരെ വർദ്ധനവ് ഉണ്ടാകുമ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 200-ലധികം സീറ്റുകളായിരിക്കും.
സീറ്റ് വർദ്ധനവിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിതമായ മേൽക്കൈ ലഭിക്കും. ഇത് ഫെഡറൽ സംവിധാനത്തിന് വലിയ ഭാരമായി മാറും. ലോക്‌സഭാ അംഗസംഖ്യ 543-ൽ നിന്ന് 816 ആയി ഉയരുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ സന്തുലിതാവസ്ഥയെ ബാധിക്കും.
2024-ൽ തന്നെ നടപ്പാക്കാവുന്ന ബില്ലാണിത്. എന്നാൽ മൂന്ന് വർഷമായി ഈ ബില്ലിന്മേൽ അടയിരിക്കുകയായിരുന്നു സർക്കാർ. ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണ് 50 ശതമാനം വനിതാ സാന്നിധ്യം എന്ന വാഗ്ദാനവുമായി സർക്കാർ വരുന്നത്.
വിഷയത്തിൽ വ്യക്തത വരുത്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സർക്കാരിന്റെ ഗൂഢമായ നീക്കങ്ങൾ പ്രതിപക്ഷം തുറന്നുകാട്ടുമെന്നും ജോൺ ബ്രിട്ടാസ് എംപി ഡൽഹിയിൽ പറഞ്ഞു.










0 comments