ad
Deshabhimani

ചെറുകിട മേഖലയെ തകർത്ത് കേന്ദ്രത്തിന്റെ പുത്തൻ‌ സംഭരണ നിയമം; കശ്മീരിൽ മൂന്ന് ലക്ഷം പേർ പ്രതിസന്ധിയിൽ

msme ministry
വെബ് ഡെസ്ക്

Published on Mar 29, 2026, 04:40 PM | 1 min read

ശ്രീനഗർ: പുത്തൻ പൊതുസംഭരണ നിയമങ്ങൾ കേന്ദ്രം നടപ്പിലാക്കിയതിന് പിന്നാലെ, ജമ്മു കശ്മീരിൽ ചെറുകിട വ്യവസായ മേഖല തകർച്ചയിലേക്ക്. പുതിയ നിയമം വന്നതോടെ ജമ്മു കശ്മീർ ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (SICOP) വഴിയുള്ള സംഭരണം വലിയ തോതിലാണ് വെട്ടിച്ചുരുക്കിയത്. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം ഇതോടെ പ്രതിസന്ധിയിലാവുകയായിരുന്നു.


2017 ലെ പൊതു സാമ്പത്തിക നിയമങ്ങൾ (ജിഎഫ്ആർ) കേന്ദ്രഭരണ പ്രദേശത്ത് ബാധകമാക്കിയിട്ടുണ്ടെന്നും ലേലം വഴി പൊതു സംഭരണം നടത്തണമെന്ന് ഇത് അനുശാസിക്കുന്നുവെന്നും സർക്കാർ പറഞ്ഞു. പുതിയ സംവിധാനം പൊതു സംഭരണത്തിൽ ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലഭ്യമാക്കിയിരുന്ന പിന്തുണയെ വലിയ തോതിൽ ഇല്ലാതാക്കിയതായി സർക്കാർ പറഞ്ഞു. സിപിഐ (എം) നേതാവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.


സംഭരണ നയത്തിലെ മാറ്റം എസ്‌‍ഐസിഒപിയെ ആശ്രയിച്ച് കഴിയുന്ന 5,000 ചെറുകിട വ്യവസായ യൂണിറ്റുകളെ മാറ്റം നേരിട്ട് ബാധിച്ചു. ഈ യൂണിറ്റുകളെ ആശ്രയിച്ച് കഴിയുന്ന മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവിതം ഇതോടെ വഴിമുട്ടി. 2017ലെ പൊതു ധനകാര്യ നിയമങ്ങൾ (GFR) അനുസരിച്ച് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന ജിഇഎം (GeM) പോർട്ടൽ വഴി സംഭരണം നിർബന്ധമാക്കിയതാണ് തിരിച്ചടിയായത്. ഇതോടെ എസ്‌‍ഐസിഒപി നൽകിവന്ന മാർക്കറ്റിംഗ് പിന്തുണ ഇല്ലാതാവുകയും കോർപ്പറേഷന്റെ വരുമാന സ്രോതസ്സ് അടയുകയും ചെയ്തു.


പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്ന് കശ്മീർ സർക്കാർ പറഞ്ഞു. എസ്‌‍ഐസിഒപിക്ക് സർക്കാർ ഗ്രാന്റ് നൽകാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കോർപ്പറേഷൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്. നിലവിൽ വലിയ സാമ്പത്തിക പരിമിതികളിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്.


എസ്‌‍ഐസിഒപിയെ രക്ഷിക്കാൻ ഒരു പുനരുജ്ജീവന പദ്ധതി രൂപീകരിച്ചിട്ടുണ്ടെങ്കിലും അത് എന്നത്തേക്ക് നടപ്പിലാക്കുമെന്ന കാര്യത്തിൽ കൃത്യമായ മറുപടിയില്ല. ജീവനക്കാരുടെ തൊഴിൽ സുരക്ഷയും ഉപജീവനവും ഉറപ്പാക്കാനുള്ള ബദൽ സംവിധാനങ്ങളും പരിശോധനയിലാണെന്ന് സർക്കാർ സഭയെ അറിയിച്ചു. കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം പ്രാദേശിക വ്യവസായങ്ങളെയും സാധാരണക്കാരെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർചിത്രമാണ് സർക്കാരിന്റെ ഈ വെളിപ്പെടുത്തൽ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home