print edition ജന്തർമന്തർ പ്രക്ഷോഭം: പൊലീസ് വേട്ടയാടലിനിരയായ ജുനൈദിന് സ്വീകരണം

ഡൽഹിയിലെ സുർജിത് ഭവനിലെത്തിയ മുഹമ്മദ് ജുനൈദിന് വി ശിവദാസൻ എംപി, എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർ ചേർന്ന് സഫ്‌ദർ ഹാഷ്‌മിയെക്കുറിച്ചുള്ള പുസ്തകം കെെമാറുന്നു

സ്വന്തം ലേഖകൻ
Published on Aug 02, 2026, 12:01 AM | 1 min read
ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥിപ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിനെത്തുടർന്ന് പൊലീസിന്റെ വേട്ടയാടലുകൾക്കിരയായ മുഹമ്മദ് ജുനൈദ് സുർജിത് ഭവനിലെത്തി. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ആർ അരുൺകുമാർ, വി ശിവദാസൻ എംപി, എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ, ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽ സേതുമാധവൻ, സഖി എന്നിവർചേർന്ന് സ്വീകരിച്ചു. സഫ്‌ദർ ഹാഷ്‌മിയെക്കുറിച്ചുള്ള സുധൻവ ദേശ്‌പാണ്ഡെയുടെ ഹല്ലാ ബോൽ എന്ന പുസ്‌തകം ജുനൈദിന് ശിവദാസനും ഐഷിയുംചേർന്ന് കൈമാറി.
സമരമിരുന്ന വിദ്യാർഥികൾക്ക് ഭക്ഷണം വിതരണംചെയ്തതാണ് പൊലീസിനെ ചൊടിപ്പിച്ചത്. ജുനൈദിനെയും വീട്ടുകാരെയും അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർഥികൾക്ക് ഭക്ഷണം നൽകാൻ എവിടെനിന്നാണ് പണം ലഭിച്ചതെന്നായിരുന്നു പൊലീസിന്റെ ചോദ്യം. തുടർന്ന് ജുനൈദിന്റെ കണ്ണുകൾ മറച്ച് ഉത്തരാഖണ്ഡിലെത്തിച്ച് മോചിപ്പിക്കുകയായിരുന്നു. ആറ് മണിക്കൂറോളമാണ് കണ്ണുകെട്ടി യാത്രചെയ്യിച്ചത്. കുടുംബാംഗങ്ങളെയും ഒരു ദിവസം തടങ്കലിലാക്കി ഭീഷണിപ്പെടുത്തിയെന്ന് യുപി ഗാസിയാബാദ് സ്വദേശിയായ ജുനൈദ് പറഞ്ഞു. പട്ടി കടിച്ചതിനെത്തുടർന്ന് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു ജുനൈദിനൈ പൊലീസ് പിടികൂടിയത്. സംഭാവനകൾ സ്വീകരിച്ചാണ് ജുനൈദ് വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.










0 comments