ad
Deshabhimani

ജമ്മു കശ്മീരിൽ പ്രകൃതിക്ഷോഭം; മേഘവിസ്ഫോടനത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം, മൂന്ന് മരണം

Jammu Kashmir.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 10:01 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ പുലർച്ചെയുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തെയും തുടർച്ചയായ ഉരുൾപൊട്ടലിനെയും തുടർന്ന് വൻ നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരണപ്പെട്ടു.


റംബാനിലെ സേരി ബാഗ്ന ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക യാത്രാമാർഗ്ഗമായ ശ്രീനഗർ-ജമ്മു ദേശീയപാത പൂർണ്ണമായും അടച്ചു.


മലനിരകളിൽ നിന്ന് വൻതോതിൽ മണ്ണും പാറക്കല്ലുകളും ഒലിച്ചുവന്നതിനെ തുടർന്ന് ദേശീയപാതയിൽ അഞ്ചിലധികം സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും നിരവധി ട്രക്കുകളും ഓയിൽ ടാങ്കറുകളും ചെളിയിൽ പൂണ്ട നിലയിലാണ്.


മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ റംബാൻ ജില്ലയിലെ ധരംകുണ്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചുകയറി. മുപ്പത്തഞ്ചിലധികം വീടുകൾ പൂർണ്ണമായും തകരുകയും നിരവധി ഹോട്ടലുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് നൂറിലധികം ആളുകളെ പൊലീസും പ്രാദേശിക ദ്രുതകർമ്മ സേനയും ചേർന്ന് ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകടസ്ഥലങ്ങളിലേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയെ അടിയന്തരമായി നിയോഗിച്ചു.


റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും എത്രയും വേഗം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.


കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ശ്രീനഗർ-ജമ്മു ദേശീയപാതയിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് ട്രാഫിക് പൊലീസും റംബാൻ ജില്ലാ ഭരണകൂടവും ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പ്രദേശത്തെ നദികളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home