പിടികൊടുക്കാതെ ജെയ്‌ഷെ കമാൻഡർ; താടി വടിച്ചും മൊട്ടയടിച്ചും വേഷപ്പകർച്ച; ഒളിത്താവളം തകർത്ത് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേന വലമുറുക്കുന്നതിനിടെ പിടികൊടുക്കാതെ രക്ഷപ്പെടാൻ വേഷപ്പകർച്ചയുമായി ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സെയ്‌ഫുള്ള. സേനയുടെ കണ്ണുവെട്ടിക്കാനായി ഇയാൾ താടി വടിച്ചും തല മൊട്ടയടിച്ചും രൂപമാറ്റം വരുത്തിയതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
സെയ്‌ഫുള്ളയെ കണ്ടെത്താനായി രണ്ട് വ്യത്യസ്ത ലുക്കിലുള്ള പോസ്റ്ററുകൾ പൊലീസ് പുറത്തിറക്കി. ദോഡ, കിഷ്ത്വാർ മേഖലകളിൽ കഴിഞ്ഞ രണ്ടുമാസമായി സുരക്ഷാസേന തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ ഇയാൾ സ്ത്രീ വേഷം കെട്ടിയും ബുർഖ ധരിച്ചും രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വിവരമുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ ആത്മീയ ഗുരുവിന്റെ വേഷം കെട്ടി പ്രദേശവാസികളുടെ വിശ്വാസം പിടിച്ചുപറ്റാനും സെയ്‌ഫുള്ള ശ്രമിക്കുന്നുണ്ടെന്ന് ദോഡ എസ്എസ്പി സന്ദീപ് മേത്ത പറഞ്ഞു. കഴിഞ്ഞ ജനുവരി 19-ന് കിഷ്ത്വാറിലെ 12,000 അടി ഉയരത്തിലുള്ള ഇയാളുടെ ഒളിത്താവളം സുരക്ഷാസേന തകർത്തിരുന്നു.
കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമ്മിച്ച ഈ കേന്ദ്രത്തിൽ നിന്ന് വലിയ തോതിൽ ഭക്ഷണശേഖരവും കണ്ടെടുത്തു. സെയ്‌ഫുള്ളയുടെ സഹായിയും പാക് സ്വദേശിയുമായ ആദിൽ നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ഒറ്റപ്പെട്ട സെയ്‌ഫുള്ള മേഖലയിൽ നിന്ന് രക്ഷപ്പെടാൻ തീവ്രശ്രമം നടത്തുകയാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.









0 comments