എക്സുമായുള്ള നിയമപോരാട്ടം; ഉള്ളടക്കം നീക്കാനുള്ള അധികാരപരിധിയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സു'മായി നടന്ന നിയമപോരാട്ടത്തിന് പിന്നാലെ ഓൺലൈൻ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരപരിധിയിൽ നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തിയതാണ് പ്രധാന ഭേദഗതി.
നേരത്തെ ഏത് സർക്കാർ ഉദ്യോഗസ്ഥർക്കും ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാനുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റം അനുസരിച്ച്, ജോയിന്റ് സെക്രട്ടറി റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കും, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലോ അതിന് മുകളിലോ ഉള്ള പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമേ ഇനി ഇത്തരത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയൂ.
മുൻപ് പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും വിമർശനാത്മക പോസ്റ്റുകളും ട്രോളുകളും നീക്കം ചെയ്യാൻ ഉത്തരവിടാമായിരുന്നു. ഉള്ളടക്കം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഉത്തരവുകൾക്ക് ഇനിമുതൽ കാരണസഹിതമുള്ള അറിയിപ്പ് നിർബന്ധമാണ്.
ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിയമപരമായ അടിസ്ഥാനം, ഇതിനെ സാധൂകരിക്കുന്ന നിയമത്തിലെ വകുപ്പ്, നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ സ്വഭാവം, വെബ്‌സൈറ്റ് വിലാസം എന്നിവ വ്യക്തമാക്കണം.
മുൻ നിയമങ്ങളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ലായിരുന്നു. നവംബർ 15 മുതലാകും ഈ മാറ്റങ്ങൾ നിലവിൽ വരിക. മുമ്പ് ഉള്ളടക്കം നീക്കം ചെയ്യാനുള്ള സർക്കാർ നടപടികൾ അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് എക്‌സ് കർണാടക ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു.










0 comments