ഇസ്രയേൽ - ഇറാൻ യുദ്ധം: വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ ഒന്ന് മുതൽ ഉയർന്നേക്കും; മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി

ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നത് വിമാനയാത്രാ നിരക്ക് കുതിച്ചുയരാൻ കാരണമായേക്കും. ഏപ്രിൽ ഒന്ന് മുതൽ വിമാന ഇന്ധന വിലയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് വിമാന സർവീസുകളെയും ടിക്കറ്റ് നിരക്കിനെയും ബാധിച്ചേക്കാമെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വിമാന ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. അതിനാൽ ഏപ്രിൽ ഒന്ന് മുതൽ വിലവർധനവിന്റെ ആഘാതം പ്രകടമാകുമെന്നാണ് മന്ത്രി പ്രതികരിച്ചത്. യാത്രാനിരക്ക് വർധനവ് ജനങ്ങൾക്ക് വലിയ ഭാരമുണ്ടാക്കാത്ത രീതിയിൽ കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇതിനായി വ്യോമയാനം, വിദേശകാര്യം, പെട്രോളിയം എന്നീ മന്ത്രാലയങ്ങൾ സംയുക്തമായി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും വിമാനക്കമ്പനികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയും ജെറ്റ് ഫ്യുവൽ വിലയും കുതിച്ചുയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ അധിക ഇന്ധന സർചാർജ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഈ ഇന്ധനച്ചെലവാണ്. എടിഎഫ് വില വർധിക്കുന്നത് വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കും. ഈ അധികച്ചെലവ് മറികടക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാന ടിക്കറ്റ് നിരക്കിനൊപ്പം വിമാനക്കമ്പനികൾ സർചാർജ് കൂടി ഈടാക്കുന്നത്.
ഗൾഫ് മേഖലയിലടക്കം വിമാന സർവീസുകൾ തടസ്സമില്ലാതെയും സുരക്ഷിതമായും നടത്തുകയെന്നതാണ് നിലവിൽ സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും രാം മോഹൻ നായിഡു കൂട്ടിച്ചേർത്തു. ഇസ്രയേൽ - ഇറാൻ സംഘർഷം പശ്ചിമേഷ്യൻ വ്യോമപാതകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ പല വിമാനങ്ങളും പാത മാറ്റി പറക്കുന്നത് യാത്രയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനും ഇന്ധനച്ചെലവ് വീണ്ടും വർധിക്കുന്നതിനും കാരണമാകുന്നുണ്ട്.










0 comments