print edition അമേഠിയാക്കാമെന്നാണോ കേരളത്തിനുള്ള ഗ്യാരന്റി

അമേഠിയിലെ കൊരാരി ഗിർദർസ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രസവ വേദനയുമായി എത്തിയ സ്‌ത്രീകൾ ഡോക്‍ടറെ കാത്തിരിക്കുന്പോൾ ഒപ്പമുള്ളവർ തെരുവ് നായ്കളെ ഓടിക്കുന്നു | ഫോട്ടോ: പിവി സുജിത്
റിതിൻ പൗലോസ്
Published on Apr 05, 2026, 12:25 AM | 2 min read
അമേഠി (ഉത്തർപ്രദേശ്): കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക മണ്ഡലമായ അമേഠിയിൽ വികസനം അകലെ. 1990കളിൽനിന്ന് ഇനിയും മുന്നോട്ടുപോകാത്ത നാട്. രാഹുൽ ഗാന്ധി ബിജെപിയുടെ സ്‌മൃതി ഇറാനിയോട് തോറ്റ 2019ൽ ഒഴികെ കോൺഗ്രസ് മാത്രം ജയിച്ച മണ്ഡലം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ലോക്‌സഭയിലെത്തിച്ച മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനം എത്തിനോക്കിയിട്ടില്ല. മികച്ച ആരോഗ്യ സംവിധാനമോ, അടച്ചുറപ്പുള്ള വീടുകളോ ഉറപ്പാക്കാൻ കോൺഗ്രസിനായിട്ടില്ല. ദിവസേന ശരാശരി എട്ടുമണിക്കൂറാണ് പവർ കട്ട്. കേന്ദ്രത്തിലും യുപിയിലും കോൺഗ്രസിന്റെയും പിന്നീട് ബിജെപിയുടെയും ‘ഡബിൾ എൻജിൻ സർക്കാർ’ ഭരിച്ചപ്പോഴും ഇവിടെ ജനജീവിതം ദുസ്സഹം.
ഫാർമസിസ്‌റ്റാണ് ഡോക്‌ടർ
അമേഠിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രോഗികളെ പരിശോധിക്കാതെ മരുന്നെഴുതി നൽകുന്ന ‘ഡോക്‌ടറെ’യാണ് കണ്ടത്. രോഗികൾ പറയുന്നതുകേൾക്കും, മരുന്നെഴുതി നൽകും. എന്തുകൊണ്ടാണ് ആളുകളെ പരിശോധിക്കാത്തതെന്ന് ചോദിപ്പോൾ കസേരയിലിരിക്കുന്ന ആർ എസ് പാഠക് ചിരിക്കുക മാത്രം ചെയ്‌തു. മുറിയിൽനിന്ന് ഇറങ്ങുംവഴിയാണ് അദ്ദേഹം ഡോക്‌ടറല്ലെന്നും ഫാർമസിസ്‌റ്റ് ആണെന്നും അവിടെനിന്ന് അറിഞ്ഞത്. രോഗികളെ വീടുകളിൽ പോയികണ്ടും അദ്ദേഹം മരുന്നുനൽകുന്നുണ്ട്. ജില്ലാ ആശുപത്രിയിലും ഡോക്‌ടർമാർ കുറിപ്പടി നൽകൽ മാത്രമാണ് നടത്തുന്നത്. 90 ശതമാനം മരുന്നുകളും പുറത്തേയ്‌ക്ക് എഴുതി നൽകുകയാണെന്ന് അരുൺ ത്രിപാഠി എന്നയാൾ പറഞ്ഞു. സൗജന്യ മരുന്നുകൾ വിരളം. വേണ്ടത്ര ഉപകരണങ്ങളുമില്ല. ചികിത്സയ്‌ക്കായി നാലുമണിക്കൂറായി ക്യൂവിൽ നിൽക്കുന്ന രാജുവിനെയും സിടി സ്‌കാൻ എടുക്കാൻ മൂന്നുമണിക്കൂറായി കാത്തുനിൽക്കുന്ന ലാൽ ബഹാദൂറിനെയും അവിടെ കണ്ടു.
നഗരത്തിൽനിന്ന് അകലെ കൊരാരി ഗിർദർസ ഗ്രാമത്തിലുള്ള ചെറിയ പ്രസവ ആശുപത്രിയിലേക്ക് എത്താൻ കുണ്ടും കുഴിയും നിറഞ്ഞ വഴി താണ്ടി എത്തണം. രണ്ടുസ്‌ത്രീകളെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കൂടെവന്ന സ്‌ത്രീകൾ ആശുപത്രിയിലേക്ക് പാഞ്ഞു കയറുന്ന തെരുവു നായ്‌ക്കളെ വലിയ കന്പുപയോഗിച്ച് വിരട്ടിയോടിക്കുന്ന തിരക്കിലാണ്. ഡോക്‌ററോ ആംബുലൻസോ ആശുപത്രിയിലില്ല. ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഡോക്‌ടറുടെ മൊബൈൽ നന്പർ കെട്ടിടത്തിൽ എഴുതിവെച്ചിട്ടുണ്ട്. അത്രമാത്രം.
പവർ കട്ടായി വികസനം
ദിവസം എട്ടുമണിക്കൂറാണ് അമേഠിയിൽ ശരാശരി പവർകട്ട്. ഗ്രാമീണ മേഖലകളിൽ ഇത് 15 മണിക്കൂർ വരെയാകും. സംബവ ഗ്രാമത്തിൽ ചായക്കട നടത്തുന്ന പ്രദീപിന് പക്ഷേ 8000 രൂപയാണ് വൈദ്യുതി ബിൽ. മൂന്നുബൾബും ഒരു ഫാനും മാത്രമാണ് ഇവിടെയുള്ളത്. രാജീവ് ഗാന്ധിയുടെ കാലത്ത് വന്ന വഴിവിളക്കുകൾ മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് നാവികസേന മുൻ ഉദ്യോഗസ്ഥൻ ഹരിശങ്കർ മിശ്ര പറഞ്ഞു. ഇതേഅഭിപ്രായം തന്നെയാണ് രാജീവിനൊപ്പം പ്രവർത്തിച്ച കേവൽ പ്രസാദിന്റെയും. ബാർ അസോസിയേഷൻ നേതാവായ കേവൽ പ്രസാദ് പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ്. അമേഠിയിൽ മാത്രമല്ല വികസനം ഇല്ലാത്തതെന്നും ഇത് യുപിയിലെ പൊതുചിത്രമാണ് എന്നാണ് ഡിസിസി പ്രസിഡന്റ് പ്രദീപ് സിംഘാളിന്റെ ന്യായീകരണം.
തലചായ്‌ക്കാൻ കൂരയില്ലാത്തവർ
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത പതിനായിരങ്ങൾ അമേഠിയിലുണ്ട്. ഭവനരഹിതർക്കായി കേരളത്തിലേതുപോലെ സമഗ്രമായ ഒരു പദ്ധതിയില്ലാത്ത യുപിയിൽ പ്രധാൻമന്ത്രി ആവാസ് യോജന മാത്രമാണ് ഭവന നിർമാണ പദ്ധതിയായിട്ടുള്ളത്. പൽരി ഗ്രാമത്തിലെ 48 വയസുകാരി അനുപമ തിവാരി ഇടിഞ്ഞുവീഴാറായ കൂരയിലാണ് താമസം. ഗ്രാമത്തലവന് വീടിനുള്ള അപേക്ഷ നൽകിയിട്ട് വർഷങ്ങളായി. ഒരു മറുപടിയും കിട്ടിയിട്ടില്ല. വയനാട് ദുരന്തബാധിതർക്കായി കേരളത്തിലെ എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പണിയുകയാണെന്ന് പറഞ്ഞപ്പോൾ അനുപമയ്‌ക്ക് അത്ഭുതം. യുട്യൂബിൽ ദൃശ്യം കാട്ടിയപ്പോൾ ഇങ്ങനെ ഒരു സർക്കാർ ഇങ്ങനെ ചെയ്യുമോ എന്നായി അവരുടെ ചോദ്യം. സൈദാപുർ ഗ്രാമത്തിലെ വിഭയ്‌ക്ക് 1.20 ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചത്. ഗ്രാമത്തലവനുള്ള കമീഷൻ കഴിഞ്ഞ് ഒരുലക്ഷം രൂപയാണ് കിട്ടിയത്. കടം വാങ്ങിയാണ് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത്. സമീപത്തുള്ള റാംധുലാരിയുടെ ചെറിയ കൂരയിൽ വൈദ്യുതിയില്ല. സമീപത്തെ ഒറ്റ മുറി വീട്ടിൽ താമസിക്കുന്ന മരുകമകൾ സരിതയ്‌ക്ക് 15,000 രൂപയാണ് വൈദ്യുതി ബില്ലെന്നും അവർ പറഞ്ഞു.











0 comments