വിദേശ ആണവറിയാക്‌ടർ കമ്പനികള്‍ കച്ചവടതാൽപ്പര്യവുമായി ഇന്ത്യയിലേക്ക്
print edition ഭാവി തുലാസില്‍ ; ഇൻഷുറൻസ്, ആണവോര്‍ജ മേഖലകള്‍ വിദേശകുത്തകകള്‍ക്ക്

എം പ്രശാന്ത്
Published on Dec 19, 2025, 03:39 AM | 3 min read
ന്യൂഡൽഹി
തീവ്രവർഗീയതയ്‌ക്കൊപ്പം വൻകിട കുത്തകകളെ പ്രീണിപ്പിക്കാന്‍ കോർപറേറ്റ് അനുകൂല സാമ്പത്തികനയത്തെയും ചേർത്തുപിടിച്ച് മോദി സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തിടുക്കത്തിൽ പാസാക്കിയ പല ബില്ലുകളും രാജ്യത്തെ പൊതുമേഖലയെ ദുർബലപ്പെടുത്തുന്നതും സ്വകാര്യ മേഖലയെ കൈയയച്ച് സഹായിക്കുന്നതുമാണ്. അമേരിക്കയുമായി ഏതുവിധേനയും ഉഭയകക്ഷി വ്യാപാര കരാറിൽ എത്തിച്ചേരാന്‍ ട്രംപ് ഭരണകൂടത്തെ തൃപ്‌തിപ്പെടുത്തുകയെന്ന അജൻഡയും പുതിയ നിയമനിര്‍ണാത്തിനു പിന്നിലുണ്ട്.
ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കിയുള്ള ബില്ലും ആണവോർജ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന ‘ശാന്തി’ ബില്ലും ആഭ്യന്തര, വിദേശ കോർപറേറ്റകളുടെ ചൂഷണത്തിനും കൊള്ളലാഭത്തിനും വഴിയൊരുക്കും. ഇന്ത്യയുടെ വിപുലമായ ഇൻഷുറൻസ് വിപണി പൂർണമായും തുറന്നുകിട്ടുകയെന്നത് പല വിദേശ വൻകിട ഇൻഷുറൻസ് കമ്പനികളുടെയും ദീർഘകാലമായുള്ള ആവശ്യമാണ്. കേന്ദ്രം മാറിമാറി ഭരിച്ച ബിജെപി, കോൺഗ്രസ് സർക്കാരുകൾ ഘട്ടംഘട്ടമായാണ് ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിച്ചതും വിദേശ കുത്തകകൾക്കായി തുറന്നുകൊടുത്തതും.
വിദേശകുത്തകകൾ ഇൻഷുറൻസ് മേഖലയിലേക്ക് കടന്നുവന്നാൽ സംഭവിക്കാവുന്ന അപകടങ്ങൾ ഇടതുപക്ഷ പാർടികളും ഇൻഷുറൻസ് മേഖലയിലെ സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ ഇൻഷുറൻസ് മേഖലയുടെ മുഖമുദ്ര സാമൂഹ്യസുരക്ഷയായിരുന്നു. വിവേചനം കൂടാതെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള വിദേശ കമ്പനികൾക്ക് സാമൂഹ്യസുരക്ഷ പരിഗണനാവിഷയമാകില്ല. വൻകിട, സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമായി സേവനം എത്തിക്കുന്നതിലാകും താൽപ്പര്യം. സ്വാഭാവികമായും മൽസരത്തിന്റെ ഭാഗമായി ആഭ്യന്തര ഇൻഷുറൻസ് കമ്പനികൾക്കും ഇൗ ദിശയിൽ നീങ്ങേണ്ടി വരും. പ്രതിസന്ധി നേരിട്ടാൽ വിദേശ കമ്പനികൾ നിക്ഷേപം പിൻവലിച്ച് പിൻവാങ്ങുകയും ചെയ്യും. ഇതോടെ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവിത പരിരക്ഷയും ഭാവിയും തുലാസിലാകും.
നിലവിൽ ഇന്ത്യയുടെ ആണവമേഖല പൂർണമായും പൊതുമേഖലയിലാണ്. സ്വകാര്യവൽക്കരണ ബിൽ നിയമമാകുന്നതോടെ അമേരിക്ക അടക്കം വിദേശരാജ്യങ്ങളിൽ നിന്നുള്ള ആണവറിയാക്ടർ കമ്പനികളും നടത്തിപ്പ് കമ്പനികളും കച്ചവടതാൽപ്പര്യവുമായി ഇന്ത്യയിലേക്ക് എത്തും. ആണവദുരന്തമുണ്ടായാൽ വിതരണ കമ്പനികളെ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതടക്കം ദോഷകരമായ പല വ്യവസ്ഥകളും ബില്ലിലുണ്ട്. രണ്ട് ബില്ലുകളും സൂക്ഷ്‍മ പരിശോധനക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തള്ളി.
ആണവോർജ ബില്‍ പാര്‍ലമെന്റ് കടത്തി
ഏറെ തന്ത്രപ്രധാനമായ സിവിൽ ആണവോർജ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന ആണവോർജ ഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. ബുധനാഴ്‌ച ലോക്‌സഭ പാസാക്കിയ ബിൽ വ്യാഴാഴ്‌ച രാജ്യസഭയും കടന്നു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഇടതുപക്ഷ എംപിമാരുടെ ആവശ്യം തള്ളി ഏകപക്ഷീയമായാണ് ബിൽ പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടുന്നതടക്കം സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, പി സന്തോഷ്‌കുമാർ തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ ശബ്‌ദവോട്ടോടെ തള്ളി.
അങ്ങേയറ്റം അപകടകരമായ ബില്ലാണിതെന്ന് ചർച്ചയിൽ എ എ റഹിം പറഞ്ഞു. ഏറെ തന്ത്രപ്രധാനമായ മേഖലയിൽ സ്വകാര്യ മേഖലയ്‌ക്ക് ഇടപെടാൻ അവസരമൊരുക്കുന്നത് രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. നേരത്തെയുള്ള ആണവബാധ്യതാ നിയമത്തിൽ ആണവദുരന്തമുണ്ടായാൽ നഷ്ടപരിഹാരം സ്വകാര്യ കമ്പനികൾ വഹിക്കേണ്ടിയിരുന്നു. ഇത് ഒഴിവാക്കി. ആണവദുരന്തമുണ്ടായാൽ സ്വകാര്യ കമ്പനികൾ നൽകേണ്ട പരമാവധി നഷ്ടപരിഹാര തുക 30 കോടി സ്പെഷ്യൽ ഡ്രോയിങ് റൈറ്റിന് തത്തുല്യമായ രൂപയോ, അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരമാവധി തുകയോ ആണ്. സ്വകാര്യ കമ്പനികൾ നൽകേണ്ട നഷ്ടപരിഹാര തുകയിലും മുകളിലാണ് ആകെ നഷ്ടപരിഹാരമെങ്കിൽ അധികം വരുന്ന ബാധ്യത കേന്ദ്രസർക്കാർ വഹിക്കും. പൊതു ഖജനാവിലെ പണം സ്വകാര്യ കമ്പനികളുടെ വീഴ്‌ച പരിഹരിക്കാൻ ഉപയോഗിക്കപ്പെടും.
ശക്തമായ ബാധ്യതാ നിയമങ്ങൾ രാജ്യത്തുണ്ടാകണമെന്ന് 1984 ലെ ഭോപ്പാൽ ദുരന്തഘട്ടം മുതൽ സിപിഐ എം വാദിക്കുന്നുണ്ട്. എന്നാൽ ബിജെപിയോ കോൺഗ്രസോ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ആണവമേഖലയുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ സിവിൽ കോടതികൾക്ക് പരിഗണിക്കാനാവില്ല. നീതി നിഷേധത്തിന്റെ പ്രത്യക്ഷ രൂപമാണ് ഈ വ്യവസ്ഥ– എ എ റഹിം പറഞ്ഞു.
പുതിയ തൊഴിലുറപ്പ് ബിൽ പാർലമെന്റ് കടത്തി
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ പുതിയ ബിൽ പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനെ അവഗണിച്ച് വെള്ളി പുലർച്ചെ രാജ്യസഭയും പാസാക്കി. തിടുക്കപ്പെട്ട് പാസാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം പാർലമെന്റിന് പുറത്ത് അർധരാത്രിയിലും ധർണയിരുന്നു. അംഗങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ആവശ്യമായ സമയം നൽകിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വ്യാഴം പകലാണ് തൊഴിലുറപ്പ് തകർക്കുന്ന വികസിത് ഭാരത് ഗ്യാരന്റി ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് ലൈവ്‌ലിഹുഡ് മിഷൻ (റൂറൽ) ബിൽ ലോക്‌സഭയിൽ പാസാക്കിയത്. പിന്നാലെ രാജ്യസഭയിലും അവതരിപ്പിച്ചു. സ്ഥിരം സമിതിക്ക് വിടണമെന്ന ആവശ്യമടക്കം തള്ളി ശബ്ദവോട്ടിലാണ് ബിൽ പാർലമെന്റ് കടത്തിയത്. പ്രതിപക്ഷ എംപിമാർ ബില്ലിലെ ജനദ്രോഹ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.
ഗ്രാമീണജനതയെ കേന്ദ്രസർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ദാസരാക്കി മാറ്റുകയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശമെന്ന് സിപിഐ എം എംപി ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ ചൂണ്ടിക്കാണിച്ചു. തൊഴിൽ ആവശ്യപ്പെടുന്നവർക്ക് ഉറപ്പായും തൊഴിൽ നൽകുന്നതായിരുന്നു തൊഴിലുറപ്പ് നിയമത്തിന്റെ കാതൽ. ചരിത്രത്തിൽ ആദ്യമായാണ് പൗരർക്ക് തൊഴിലിനുള്ള അവകാശം ഉറപ്പാക്കി നിയമനിർമാണം ഉണ്ടാകുന്നത്. ആ നിയമനിർമാണത്തെ അട്ടിമറിക്കാനാണ് മോദി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമനിർമാണം പദ്ധതിയെ പൂർണമായും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അധികാരവികേന്ദ്രീകരണത്തെയും ബലികഴിക്കുകയാണ്. നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും പഞ്ചായത്തുകൾക്കും ഗ്രാമസഭകൾക്കും ഉണ്ടായിരുന്ന പ്രാതിനിധ്യം പൂർണമായും എടുത്തുകളഞ്ഞു. 60 ദിവസം പദ്ധതി മരവിപ്പിക്കാമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ നടപ്പായാൽ ഗ്രാമങ്ങളിലെ തൊഴിലാളികൾ വൻകിട ഭൂഉടമകളുടെ കീഴിലാക്കുന്ന സാഹചര്യമുണ്ടാകുമെന്നും ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ പറഞ്ഞു.










0 comments