print edition പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിന് വ്യവസായ സ്ഥാപനങ്ങൾക്ക് വിലക്ക്

പ്രതീകാത്മകചിത്രം
ന്യൂഡൽഹി: പമ്പുകളിൽനിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിൽനിന്ന് വ്യവസായ– വാണിജ്യ സ്ഥാപനങ്ങളെയും മറ്റ് സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ വിലക്കി. പശ്‌ചിമേഷ്യൻ സംഘർഷത്തെതുടർന്നുള്ള ഇന്ധന ക്ഷാമം കണക്കിലെടുത്താണ് നടപടി. 90 ദിവസത്തേക്കാണ് വിലക്ക്. കൂടിയ അളവിൽ പെട്രോളും ഡീസലും വിൽക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മാത്രമേ ഇനി വ്യവസായ– വാണിജ്യ ആവശ്യക്കാർക്ക് ഇന്ധനം വാങ്ങാനാകൂ. വ്യവസായ– വാണിജ്യ ആവശ്യക്കാർ പമ്പുകളിൽ നിന്ന് കൂടുതലായും ഡീസലാണ് വാങ്ങാറുള്ളത്.
വൈദ്യുതി ഉൽപ്പാദനത്തിനും മറ്റുമാണ് വ്യവസായസ്ഥാപനങ്ങളിൽ ഡീസൽ ഉപയോഗിക്കാറുള്ളത്. ഡൽഹിയിൽ പമ്പുകളിലെ ഡീസൽ വിൽപ്പന വില 95.20 രൂപയാണ്. കൂടിയ അളവിൽ ഡീസൽ വിൽക്കുന്ന കേന്ദ്രങ്ങളിൽ വില 134.5 രൂപയാണ്. ഇൗ വിലവ്യത്യാസം മുതലെടുക്കാനാണ് പല വ്യവസായ സ്ഥാപനങ്ങളും പമ്പുകളിൽനിന്ന് വലിയ അളവിൽ ഡീസൽ വാങ്ങിക്കൂട്ടാറുള്ളത്. ചില മേഖലകളിൽ ഇത്തരത്തിലുള്ള വിൽപ്പനയിൽ വലിയ വർധനവന്നതുകൂടി പരിഗണിച്ചാണ് വിൽപ്പന നിയന്ത്രണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്‌ചിമേഷ്യൻ സംഘർഷം നീണ്ടുപോയാൽ ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ.









0 comments