ഇൻഡോറിലെ ജലമലിനീകരണ ദുരന്തം,അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് ഹൈക്കോടതി

മധ്യപ്രദേശിൽ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലര്‍ന്ന് 30 പേര്‍ മരിക്കുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്ത ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ എട്ട് തവണ തുടര്‍ച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗര പദവി നൽകി ആദരിച്ച ഇൻഡോറിൽ ഉണ്ടായ ദുരന്തത്തിന് കാരണമായ വീഴ്ചകൾ മൂടിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങൾക്കിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. മരണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വെറും പകര്‍ച്ച വ്യാധിയുടെ ഫലം എന്ന നിലയ്ക്കാണ് വിശദീകരിച്ചിരുന്നത്.
ഇൻഡോറിലെ ഭഗീരത്പുരയിലെ ജല മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുശീൽ കുമാർ ഗുപ്തയെ ഏകാംഗ അന്വേഷണ കമ്മീഷനായി കോടതി പ്രഖ്യാപിച്ചു. ഇവിടെ സമീപ ആഴ്ചകളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആകെ 30 മരണങ്ങളിൽ 16എണ്ണം മാത്രമാണ് ജല മലിനീകരണം മൂലമുണ്ടായതെന്ന് സംസ്ഥാനംഅവകാശപ്പെട്ടിരുന്നു. പകര്‍ച്ച വ്യാധി റിപ്പോര്‍ട്ടും ഇതിനിടെ ഉയര്‍ത്തി കൊണ്ടു വന്നു. മരണസംഖ്യ ഏകദേശം 30ആണെന്ന് ഇതിനെതിരെ ഹർജിക്കാരും മാധ്യമ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൽ ജില്ലാ ഭരണകൂടം,ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ,പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പ്,മധ്യപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുൾപ്പെടെ എല്ലാ സംസ്ഥാന അധികാരികളും പൂർണ്ണ സഹകരണം നൽകണമെന്നും കമ്മീഷന് രേഖകൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടൊപ്പം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന വെള്ളം ദിവസവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല,അലോക് അവാസ്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. "ആരോപണത്തിന്റെ ഗൗരവം കോടതി ചൂണ്ടികാട്ടി.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതും സ്വതന്ത്രമായ ഒരു വസ്തുതാന്വേഷണ പ്രക്രിയയുടെ ആവശ്യകതയും കണക്കിലെടുത്ത്,വിഷയത്തിൽ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു അതോറിറ്റിയുടെ അന്വേഷണം ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭഗ്രത്പുരയിലെ കുടിവെള്ളം മലിനമാകുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.കമ്മിറ്റി രൂപീകരണം വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വേണ്ടിയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.










0 comments