200 ലധികം പേർ ആശുപത്രിയിൽ, 32 പേരുടെ നില ഗുരുതരം; ഇൻഡോറിൽ മുനിസിപ്പൽ കമ്മീഷണറെ നീക്കി

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 14 പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇൻഡോർ മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി.
വീഴ്ച വരുത്തിയ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടു. നഗരത്തിലെ ഭഗീരഥ്‌പുര മേഖലയിലാണ് മലിനജലം കുടിച്ച് വൻ ദുരന്തമുണ്ടായത്.
പൈപ്പ് ലൈനിലെ ചോർച്ച വഴി കുടിവെള്ളത്തിൽ അഴുക്കുചാലിലെ വെള്ളം കലർന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇരുന്നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇതിൽ 32 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവർ ഐസിയുവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ നഗരസഭയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിലുണ്ടായ ഈ ദുരന്തം ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കാനും പൈപ്പ് ലൈനുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments