ഇൻഡോറിൽ കുടിവെള്ള മലിനീകരണം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; 60 പേർ ആശുപത്രിയിൽ

ഇൻഡോർ: തുടർച്ചയായി എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ഇൻഡോറിൽ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് ഒരാൾ മരിച്ചു. ചികിത്സയിലായിരുന്ന നന്ദലാൽ പാൽ (70) എന്നയാളാണ് മരിച്ചത്.
നഗരസഭ വിതരണം ചെയ്ത വെള്ളം കുടിച്ചതിനെത്തുടർന്ന് ഭാഗീരത്പുര പ്രദേശത്തെ 150 ഓളം പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിൽ ഗുരുതരാവസ്ഥയിലായ 60 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതേ ലക്ഷണങ്ങളുമായി മരിച്ച മറ്റ് രണ്ട് പേരുടെ മരണകാരണം ജലമലിനീകരണമാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ഡിസംബർ 28-നാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നന്ദലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 60 ഓളം പേർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രദേശത്ത് നടന്ന കുഴിയെടുക്കൽ ജോലിക്കിടെ കുടിവെള്ള പൈപ്പുകളിൽ ഉണ്ടായ ചോർച്ച വഴി മലിനജലം കലർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നർമദ നദിയിൽ നിന്നുള്ള വെള്ളമാണ് നഗരസഭ പ്രദേശത്ത് വിതരണം ചെയ്യുന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ 1138 വീടുകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി കൈലാഷ് വിജയ്വർഗിയ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഉണ്ടായ ഈ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.










0 comments