ad
Deshabhimani

രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ പ്രതിസന്ധി ഏഴാം ദിവസത്തിലേക്ക്, നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Indig0
വെബ് ഡെസ്ക്

Published on Dec 08, 2025, 12:39 PM | 2 min read

ന്യൂഡൽഹി: ഇൻഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കഷ്ടനഷ്ടങ്ങൾ സംഭവിച്ച യാത്രക്കാർക്ക് സഹായവും റീഫണ്ടും ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി വാദം കേൾക്കും.


ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി.


"നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ്. വിമാനത്താവളങ്ങളിലെ സ്ഥിതി മനുഷ്യത്വരഹിതമാണ്. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സഹായം ഉറപ്പാക്കാൻ ഇൻഡിഗോയ്ക്കും ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫിനും കോടതി ഉത്തരവുകൾ നൽകണം. റീഫണ്ടുകൾക്ക് ശരിയായ സംവിധാനമില്ല,".


ഈ വിഷയത്തിൽ സർക്കാർ ഇതിനകം ചില നിർദ്ദേശങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും നടപടി ഉറപ്പില്ല. ഈ സാഹചര്യങ്ങൾ ചൂണ്ടികാട്ടി പൊതുതാൽപര്യ ഹർജിയായാണ് പരാതി എത്തിയത്.


ഹർജി ബുധനാഴ്ച വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുമെന്ന് ബെഞ്ച് പറഞ്ഞു.

 

പ്രതിസന്ധിയുടെ ഏഴാം നാൾ


തിങ്കളാഴ്ച ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ നിന്ന് 250 ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായി പി‌ടി‌ഐ വാർത്താ കുറിപ്പിൽ അറിയിച്ചു.


ഡൽഹി വിമാനത്താവളത്തിൽ 134 വിമാനങ്ങൾ റദ്ദാക്കി - 75 പുറപ്പെടലുകളും 59 ആഗമനങ്ങളും നിർത്തി. ബെംഗളൂരു വിമാനത്താവളത്തിൽ 117 സർവീസുകൾ റദ്ദാക്കി - 65 എത്തിച്ചേരലുകളും 62 പുറപ്പെടലുകളും ഇവയിൽ ഉൾപ്പെടുന്നു.

 

പൈലറ്റുമാരുടെ ഫ്ലൈറ്റ് ഡ്യൂട്ടി റെഗുലേഷൻസ് മാനദണ്ഡങ്ങളിലെ നിയന്ത്രണ മാറ്റങ്ങൾ നടപ്പാക്കിയതോടെ ഡിസംബർ 2 മുതലാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രതിദിനം 2,200 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർലൈൻ, കഴിഞ്ഞ വർഷം ആദ്യം സർക്കാർ അവതരിപ്പിച്ച പുതിയ പൈലറ്റ് വിശ്രമ, ഡ്യൂട്ടി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് ക്ഷാമം നേരിടുന്നുണ്ട്.


 രണ്ടു വർഷമായി നടപ്പാക്കാതെ നീട്ടിവെച്ച തൊഴിൽ മാനദണ്ഡങ്ങൾ ഡൽഹി ഹൈക്കോടതി ഇടപെടലോടെയാണ് നിർബന്ധിതമായി നടപ്പാക്കേണ്ടി വന്നത്. രണ്ട് ഘട്ടങ്ങളായി ഇവ നടപ്പാക്കാൻ സമയം അനുവദിച്ചിട്ടും ഇൻഡിഗോ ഇത് നീട്ടിക്കൊണ്ടു പോകയായിരുന്നു. ഇപ്പോൾ ഇതിന്റെ ദുരിത ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിയ സാഹചര്യമായി. ഓരോ മേഖലകളിലും കുത്തകവൽക്കരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഒത്തുകളിയാണ് രാജ്യത്തെ തന്നെ വെല്ലുവിളിക്കുന്ന വിമാന പ്രതിസന്ധിയിലേക്ക് എത്തിച്ചത്.


രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വെള്ളിയാഴ്ച മുതൽ 4,500-ലധികം വിമാനങ്ങൾ റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം താറുമാറായി. ഇതുമൂലം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. ഓരോ ഘട്ടത്തിലും കേന്ദ്ര സർക്കാരും ബന്ധപ്പെട്ട ഏജൻസികളും നിസ്സംഗത തുടരുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home