തൊഴിൽ പരിഷ്കരണം നടപ്പാക്കിയതിന് സർവ്വീസുകൾ മുടക്കുന്നു, ഇൻഡിഗോയ്ക്കെതിരെ പൈലറ്റ്മാരുടെ സംഘടന

ന്യുഡൽഹി: പൈലറ്റ്മാരുടെയും കോക്ക്പിറ്റ് ക്രൂവിന്റെയും ഡ്യൂട്ടി-വിശ്രമ കാലയളവ് മാനദണ്ഡങ്ങൾ പുതുക്കേണ്ടി വന്നതോടെ വിമാന സർവ്വീസുകൾ മുടക്കുന്നത് പതിവാക്കിയ ഇൻഡിഗോ എയർലൈനെതിരെ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) രംഗത്ത്.
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (എഫ്ഡിടിഎൽ) മാനദണ്ഡങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നതിന് രണ്ട് വർഷത്തെ തയ്യാറെടുപ്പ് സമയം ഇൻഡിഗോയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ "വിശദീകരിക്കാനാവാത്തവിധം നിയമനം മരവിപ്പിക്കൽ" സമീപനമാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് ഫെഡറേഷൻ ആരോപിച്ചു.
അനുവദിച്ചിരിക്കുന്ന സ്ലോട്ടുകളിൽ വിമാന സർവ്വീസ് നടത്താൻ ഇൻഡിഗോയ്ക്ക് മതിയായ ജീവനക്കാരില്ലെങ്കിൽ മറ്റ് എയർലൈനുകൾക്ക് സ്ലോട്ടുകൾ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) അയച്ച കത്തിൽ എഫ്ഐപി ആവശ്യപ്പെട്ടു.
എഫ്‌ഡിടിഎൽ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായുണ്ടായ ക്രൂ ക്ഷാമം ഉൾപ്പെടെ ഒന്നിലധികം കാരണങ്ങൾ പറഞ്ഞ് ഇൻഡിഗോ വിവിധ വിമാനത്താവളങ്ങളിലായി 150-ലധികം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് സർവ്വീസുകളുടെ സമയം വൈകിപ്പിക്കുകയും ചെയ്തു.
ഡിസംബർ 3 ന്, ആറ് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് കൃത്യസമയത്ത് വന്നതും പോയതുമായ ഇൻഡിഗോ വിമാനങ്ങളുടെ എണ്ണം 19.7 ശതമാനം മാത്രമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.
വ്യാഴാഴ്ച രാവിലെ മുടക്കിയത് 180 സർവ്വീസുകൾ
ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കാൻ ബുദ്ധിമുട്ട് ആരോപിച്ച് ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ വ്യാഴാഴ്ച മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 180 ലധികം വിമാനങ്ങൾ റദ്ദാക്കി. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ മൂന്ന് വിമാനത്താവളങ്ങളിലെ മാത്രം കണക്കാണിത്.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ഡിസംബർ 3 ന് എയർലൈനിന്റെ ഓൺ-ടൈം പെർഫോമൻസ് (ഒടിപി) 19.7 ശതമാനമായിരുന്നു. ഇത് ഡിസംബർ 2 ന് 35 ശതമാനമായിരുന്നു.
പുതിയ തൊഴിൽ മാനദണ്ഡങ്ങൾ
എഫ്‌ഡിടിഎൽ മാനദണ്ഡങ്ങൾ വൈകിപ്പിച്ചതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടാണ് പ്രാബല്യത്തിലാക്കിയത്. "മറ്റെല്ലാ എയർലൈനുകളും പൈലറ്റുമാരെ വേണ്ടത്ര നൽകിയിട്ടുണ്ട്, അവരുടെ സമയബന്ധിതമായ ആസൂത്രണവും തയ്യാറെടുപ്പും കാരണം വലിയതോതിൽ സർവ്വീസുകളെ ബാധിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിസന്ധി ഇൻഡിഗോയുടെ വകുപ്പുകളിലുടനീളം മനുഷ്യ വിഭവ ശേഷി പരിമിതിമാക്കിയുള്ള തന്ത്രത്തിന്റെ നേരിട്ടുള്ള ഫലമാണ്." എന്നും വ്യക്തമാക്കി.
ജൂലൈ ഒന്നിനാണ് എഫ്‌ഡിടിഎല്ലിന്റെ ഒന്നാം ഘട്ടം ആരംഭിച്ചത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നവംബർ ഒന്നിന് രണ്ടാം ഘട്ടവും ആരംഭിച്ചു.
ശൈത്യകാല മൂടൽമഞ്ഞ് സീസൺ ആരംഭിച്ചതോടെ പൈലറ്റുമാരുടെ ലഭ്യത വർധിപ്പിക്കാറുള്ളതാണ്. അന്താരാഷ്ട്ര നിയന്ത്രണങ്ങൾക്കനുസൃതമായി, ഇന്ത്യൻ വ്യോമയാന സുരക്ഷാ റെഗുലേറ്റർ ആഭ്യന്തര വിമാനക്കമ്പനികൾക്ക് ശൈത്യകാലം (ഒക്ടോബർ അവസാനം മുതൽ മാർച്ച് അവസാനം വരെ), വേനൽക്കാലം (മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെ) എന്നീ രണ്ട് ഷെഡ്യൂളുകൾ ആണ് അനുവദിക്കുന്നത്.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഇൻഡിഗോ എയർലൈനിന് നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനായി ആഴ്ചയിൽ 15,014 വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്ത് അവർ സർവീസ് നടത്തിയിരുന്ന ആഴ്ചയിൽ 13,691 വിമാനങ്ങളിൽ നിന്ന് ഏകദേശം 10 ശതമാനം വർധന അനുവദിച്ചു.
എഫ്ഡിടിഎൽ മാനദണ്ഡങ്ങൾ 2024 മാർച്ച് മുതൽ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ ഇൻഡിഗോയും എയർഇന്ത്യയും ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അധിക ക്രൂ ആവശ്യകതകൾ ചൂണ്ടിക്കാട്ടി ഘട്ടം ഘട്ടമായുള്ള നടപ്പാക്കൽ ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതി ഇടപെട്ടാണ് നടപ്പാക്കൽ പൂർണ്ണമായും സാധ്യമാക്കിയത്.
ഇൻഡിഗോ വിമാന തടസ്സങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിനുള്ള കാരണങ്ങളും വിമാന റദ്ദാക്കലുകളും കാലതാമസങ്ങളും കുറയ്ക്കുന്നതിനുള്ള പദ്ധതികളും സമർപ്പിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി.








0 comments