ഉത്തർ പ്രദേശിൽ ആയുധക്കടത്ത് വർധിക്കുന്നു, പരക്കെ എൻഐഎ പരിശോധന

ലക്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ആയുധക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാവുന്നു. ബിഹാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി ആയുധങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.
നേരത്തെ ഡൽഹിയിലേക്ക് ആയുധങ്ങൾ എത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് നിർമ്മാണ ശാലകൾ ഡൽഹി പൊലീസ് കണ്ടെത്തി സീൽ ചെയ്തിരുന്നു.
യുപി കേന്ദ്രീകൃതമായ ആയുധ നിർമ്മാണവും കൈമാറ്റവുമായി ബന്ധപ്പെട്ട് ഹരിയാന, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 22 സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുപിയിൽ നിന്ന് ബിഹാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി വെടിമരുന്ന് കടത്തുന്നതും കണ്ടെത്തി. ഇതിന്റെ ഭാഗമായും അന്വേഷണം നടത്തുന്നുണ്ട്.
നവംബറിൽ യുപിയിലെ മധുരയിൽ നിന്നുള്ള ആയുധ വിതരണ ശൃംഖലയിലെ അഞ്ച് പേരെ ഗ്രേറ്റർ നോയിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ദേശീയ തലസ്ഥാന മേഖലയിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന ഒരു സ്ഥിരമായ പൈപ്പ്‌ലൈനാണ് ഇതെന്ന് പോലീസ് വിശേഷിപ്പിച്ചു.
2025 മധ്യത്തിൽ ലഖ്‌നൗവിനടുത്തുള്ള മാലിഹാബാദിൽ ഏകദേശം 300 തോക്കുകൾ, 50,000 വെടിയുണ്ടകൾ തോക്ക് നിർമ്മാണ സാമഗ്രികൾ എന്നിവ കണ്ടെത്തി പിടിച്ചെടുത്തു. ആയുധങ്ങളിൽ 315, 312 ബോർ പിസ്റ്റളുകൾ, റൈഫിളുകൾ, മൗസറുകൾ, സെമി-ഫിനിഷ്ഡ് തോക്കുകൾ എന്നിവ ഉൾപ്പെടുന്നു.
വൻ ലാഭമുള്ള ബിസിനസായി ആയുധക്കടത്ത് മാറുകയാണ്. അനധികൃത നിർമ്മാണ ശാലകളിൽ ഒരു പിസ്റ്റളിന് 4,000-5,000 രൂപ വിലവരുമ്പോൾ ആയുധ കടത്തു സംഘങ്ങൾ ഓരോ പിസ്റ്റളും 40,000-50,000 രൂപയ്ക്ക് വിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.








0 comments