യുഎസിലെ സർവകലാശാലാ കാമ്പസിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ടു; പാക് വംശജൻ അറസ്റ്റിൽ

ന്യൂയോർക്ക്: യുഎസിലെ ഡെലവെയർ സർവകലാശാലാ കാമ്പസിൽ കൂട്ട വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട കേസിൽ പാകിസ്താൻ വംശജനായ വിദ്യാർഥി അമേരിക്കയിൽ അറസ്റ്റിൽ. 25 കാരനായ ലുഖ്മാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് തോക്കുകൾ, വെടിയുണ്ടകൾ, ബോഡി ആർമർ, 'എല്ലാവരെയും കൊല്ലുക', 'രക്തസാക്ഷിത്വം' തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്ന ആക്രമണ പദ്ധതി രേഖകൾ എന്നിവ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
ഡെലവെയർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ ലുഖ്മാനെ നവംബർ 24-നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമയം കഴിഞ്ഞിട്ടും പാർക്കിൽ നിർത്തിയിട്ടിരുന്ന ഇയാളുടെ പിക്കപ്പ് ട്രക്ക് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ 27 റൗണ്ടുകള്‍ നിറച്ച .357 കാലിബർ ഗ്ലോക്ക് ഹാൻഡ്‌ഗൺ കൈത്തോക്ക് കണ്ടെത്തി. ഇത് ഒരു സെമി ഓട്ടോമാറ്റിക് റൈഫിളായി മാറ്റാൻ കഴിയുന്ന കിറ്റിലാണ് സജ്ജീകരിച്ചിരുന്നത്. കൂടാതെ, വെടിയുണ്ടകൾ നിറച്ച മൂന്ന് 27-റൗണ്ട് മാഗസിനുകൾ, ഒരു ഗ്ലോക്ക് 9 എംഎം മാഗസിൻ, കവചിത ബാലിസ്റ്റിക് പ്ലേറ്റ്, ഒരു കൈയ്യെഴുത്ത് നോട്ട്ബുക്ക് എന്നിവയും കണ്ടെത്തി.
കൂടുതൽ ആയുധങ്ങളെക്കുറിച്ചും ആക്രമണത്തിനായി അവ എങ്ങനെ ഉപയോഗിക്കാമെന്നും ആക്രമണം നടത്തിയ ശേഷം നിയമപാലകരുടെ പിടിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നുമുള്ള വിവരങ്ങൾ നോട്ട്ബുക്കിലുണ്ടായിരുന്നു. നോട്ട്ബുക്കിൽ ഡെലവെയർ യൂണിവേഴ്സിറ്റിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ പേര് പരാമർശിച്ചിട്ടുണ്ട്. കൂടാതെ, യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷൻ എന്ന് രേഖപ്പെടുത്തിയ ഒരു കെട്ടിടത്തിൻ്റെ പ്രവേശന, പുറത്തുകടക്കൽ വഴികളുടെ രൂപരേഖയും അതിൽ ഉൾപ്പെടുത്തിയിരുന്നു. 'എല്ലാവരെയും കൊല്ലുക', 'രക്തസാക്ഷിത്വം' തുടങ്ങിയ വാക്കുകൾ പദ്ധതി രേഖയിൽ ഉടനീളം പരാമർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഈ നോട്ട്ബുക്കിലെ ഉള്ളടക്കങ്ങൾ 'മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതികളും വ്യക്തമായ യുദ്ധതന്ത്രങ്ങളുമാണ്' എന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വ്യക്തമല്ല. എന്നാൽ അറസ്റ്റിനുശേഷം, രക്തസാക്ഷിയാകുക എന്നത് 'ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ്' എന്ന് ഖാൻ പൊലീസിനോട് പറഞ്ഞതായി പോസ്റ്റ് റിപ്പോർട്ടുകളുണ്ട്. പാകിസ്താനിൽ ജനിച്ച ഖാൻ ചെറുപ്പം മുതൽ അമേരിക്കയിലാണ് താമസിക്കുന്നത്. ഇദ്ദേഹം ഒരു അമേരിക്കൻ പൗരനാണ്.
അറസ്റ്റിനെത്തുടർന്ന് എഫ്ബിഐ ഇയാളുടെ വിൽമിംഗ്ടണിലെ വീട്ടിൽ റെയ്ഡ് നടത്തുകയും ഒരു എആർ മാതൃകയിലുള്ള റൈഫിളും രണ്ടാമത്തെ ഗ്ലോക്ക് പിസ്റ്റളും കണ്ടെടുക്കുകയും ചെയ്തു. രണ്ടാമത്തെ പിസ്റ്റളിൽ മിനിറ്റിൽ 1,200 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള ഫുൾ ഓട്ടോമാറ്റിക് മെഷീൻ ഗണ്ണാക്കി മാറ്റുന്ന നിയമവിരുദ്ധ ഉപകരണം ഘടിപ്പിച്ചിരുന്നു. കൂടാതെ, 11 അധിക മാഗസിനുകളും മാരകമായ ഹോളോ-പോയിൻ്റ് ബുള്ളറ്റുകളും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും കണ്ടെത്തി. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളൊന്നും രജിസ്റ്റർ ചെയ്തവയല്ല. അറസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിന് ശേഷം നവംബർ 26-ന് നിയമവിരുദ്ധമായി മെഷീൻ ഗൺ കൈവശം വെച്ചതിന് ഇയാൾക്കെതിരെ കുറ്റം ചുമത്തി.








0 comments