കേന്ദ്രസർക്കാരിന്റെ 2024–25ലെ പൊതുകടം 185 ലക്ഷം കോടി
print edition ജിഡിപി വളർച്ച ഇടിയും ; കേന്ദ്ര സാമ്പത്തിക സർവെ

ന്യൂഡൽഹി
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ 2026–27 സാമ്പത്തികവർഷത്തിൽ ഇടിവുണ്ടാകുമെന്ന് പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തികസർവേ വെളിപ്പെടുത്തി. നടപ്പുവർഷം 7.4 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അടുത്ത സാമ്പത്തികവർഷം 6.8നും 7.2 ശതമാനത്തിനും ഇടയിലായിരിക്കും വളർച്ച. കേന്ദ്രസർക്കാരിന്റെ ആകെ പൊതുകടം 2024–25ൽ 185 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. നടപ്പുവർഷം കടം വീണ്ടുംകൂടും. 2017–18ൽ ജിഡിപിയുടെ 48.2 ശതമാനമായിരുന്നു പൊതുകടമെങ്കിൽ 2024–25ൽ കടം 55 ശതമാനമായി.
നടപ്പുവർഷം കാർഷിക മേഖലയുടെ വളർച്ച 4.6 ശതമാനത്തിൽനിന്ന് 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. എന്നാൽ വ്യവസായ വളർച്ച 5.9 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായും സേവന മേഖലയുടെ വളർച്ച 7.2 ശതമാനത്തിൽനിന്ന് 9.1 ശതമാനത്തിലേക്കും ഉയർന്നു. മൊത്തം ജിഡിപി വളർച്ച 6.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനമാകും. സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയുടെ വിഹിതം 16.3 ശതമാനത്തിൽനിന്ന് 15.2 ശതമാനമായും വ്യവസായ മേഖലയുടേത് 24.6 ശതമാനത്തിൽനിന്ന് 24.3 ശതമാനമായും ഇടിഞ്ഞു. അതേസമയം സേവന മേഖലയുടെ വിഹിതം 49.9 ശതമാനത്തിൽനിന്ന് 51.1 ശതമാനമായി ഉയർന്നു.
നടപ്പുവർഷം ഓഹരിവിപണികളിൽനിന്ന് വിദേശനിക്ഷേപകർ കൂട്ടമായി പിൻവാങ്ങി. 2025 ഏപ്രിൽ– ഡിസംബർ കാലയളവിൽ മാത്രം 35500 കോടി രൂപയുടെ നിക്ഷേപം വിദേശനിക്ഷേപകർ പിൻവലിച്ചു. നടപ്പുവർഷം ഏപ്രിൽ– ജനുവരി കാലയളവിൽ രൂപയുടെ മൂല്യത്തിൽ 6.5 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. കോർപറേറ്റുകളുടെ കൊള്ളലാഭത്തിൽ വലിയ വർധനവുണ്ടെങ്കിലും അതിന് അനുസൃതമായി കോർപ്പറേറ്റ് നികുതി ഉയർന്നില്ല. 2020–21ൽ ലിസ്‌റ്റഡ് കോർപ്പറേറ്റുകളുടെ ലാഭം 27 ലക്ഷം കോടിയായിരുന്നത് 2024–25ൽ 43 ലക്ഷം കോടിയായി. കോർപ്പറേറ്റ് നികുതി വരുമാനം ഇതേ കാലയളവിൽ 7.15 ലക്ഷം കോടിയിൽ നിന്ന് 10.82 ലക്ഷം കോടി മാത്രമായാണ് വർധിച്ചത്.
വ്യാപാര കമ്മിയിൽ വൻകുതിപ്പ്
ഇന്ത്യയുടെ വ്യാപാരകമ്മി നടപ്പു സാമ്പത്തികവർഷം ആദ്യ മൂന്ന് പാദത്തിൽതന്നെ കഴിഞ്ഞ സാമ്പത്തികവർഷത്തെ ആകെ വ്യാപാരകമ്മിയെ മറികടന്നു. 2024–25 സാമ്പത്തികവർഷത്തിൽ ആകെ വ്യാപാരകമ്മി 8.62 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ നടപ്പുവർഷം ഏപ്രിൽ– ഡിസംബർ കാലയളവിൽ വ്യാപാരകമ്മി 8.79 ലക്ഷം കോടിയിലെത്തി. മുൻവർഷം ഇതേകാലയളവിൽ വ്യാപാരകമ്മി 8.05 ലക്ഷം കോടിയായിരുന്നു. 2024–25ൽ കയറ്റുമതി 6.1 ശതമാനം വളർന്ന് 75 ലക്ഷം കോടി രൂപയിലെത്തി. അതേസമയം, ഇറക്കുമതി 7.4 ശതമാനം വർധിച്ച് 83.71 ലക്ഷം കോടി രൂപയിലെത്തി. സർക്കാരിന്റെ സബ്‌സിഡി ചെലവിൽ 2024–25 വർഷത്തിൽ ഗണ്യമായ കുറവുണ്ടായി. 4.46 ലക്ഷം കോടി രൂപയായിരുന്ന സബ്‌സിഡി ചെലവ് 3.83 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഭക്ഷ്യസബ്‌സിഡി ചെലവ് 2.89 ലക്ഷം കോടി രൂപയിൽ നിന്നും 2.03 ലക്ഷം കോടി രൂപയായി കുറഞ്ഞു.
കേരളത്തിൽ നഗരവല്‍ക്കരണത്തിന് ശരവേഗം
നഗരവല്‍ക്കരണത്തിൽ കേരളം വലിയ കുതിപ്പിലാണെന്ന് കേന്ദ്ര സാമ്പത്തികസർവേ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ 82.6 ശതമാനം മേഖല നഗരവല്‍ക്കരിക്കപ്പെട്ടതാണ്. നഗരവാസികളുടെ എണ്ണം 2011 സെൻസസ് പ്രകാരം 47.7 ശതമാനമായിരുന്നത് 72.2 ശതമാനത്തിലേക്ക് വർധിച്ചു. 2010ൽ 29 പുതിയ നഗരകേന്ദ്രങ്ങളും 391 പുതിയ നഗരസ്വഭാവ ആവാസകേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. ഇവിടെയെല്ലാമായി 82 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. എന്നാൽ 2025ൽ പുതിയ നഗരകേന്ദ്രങ്ങൾ 65 ആയും നഗരസ്വഭാവ ആവാസകേന്ദ്രങ്ങളുടെ എണ്ണം 461 ആയും ഉയർന്നു. ഇവിടെ അധിവസിക്കുന്നവരുടെ എണ്ണം 96.3 ലക്ഷത്തിലെത്തി. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ കൊച്ചി നഗരത്തിലെ ബിൾഡ് അപ്പ് ഏരിയയിൽ 11.4 ശതമാനം വർധനവുണ്ടായി. തിരുവനന്തപുരത്തിന്റെ ബിൾഡ് അപ്പ് ഏരിയയിൽ 17.6 ശതമാനവും കണ്ണൂരിന്റേത് 17.5 ശതമാനവും തൃശ്ശൂരിന്റേത് 19.6 ശതമാനവും വർധിച്ചു.











0 comments