ad
Deshabhimani

യുഎസ് വിസ നിഷേധിച്ചു; വിസ നടപടികളിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ

Visa.jpg
വെബ് ഡെസ്ക്

Published on Feb 04, 2026, 01:45 PM | 1 min read

ന്യൂഡൽഹി: അമേരിക്കൻ വിസ നടപടികളിലെ ദുരൂഹതയും അശാസ്ത്രീയതയും ചോദ്യം ചെയ്ത് ഇന്ത്യൻ യുവ സംരംഭകൻ രംഗത്ത്. ഡൽഹിയിലെ യുഎസ് എംബസിയിൽ വിസ അഭിമുഖത്തിന് എത്തിയ തനിക്ക് യാതൊരു കൃത്യമായ കാരണവുമില്ലാതെ വിസ നിഷേധിച്ചുവെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകനായ അൻഷുമാൻ പാണ്ഡെയാണ് വെളിപ്പെടുത്തിയത്.


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (ട്വിറ്റർ) അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചു. അമേരിക്കയിലെ ഒരു പ്രമുഖ ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കാനായി ബിസിനസ് വിസയ്ക്കാണ് അൻഷുമാൻ അപേക്ഷിച്ചത്.


എന്നാൽ അഭിമുഖം നടത്തിയ ഉദ്യോഗസ്ഥൻ തന്റെ രേഖകളോ സ്റ്റാർട്ടപ്പിന്റെ വിവരങ്ങളോ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന അഭിമുഖത്തിനൊടുവിൽ വിസ അനുവദിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.


ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ, വിജയകരമായ ബിസിനസ് നടത്തുന്നവർക്ക് പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് അദ്ദേഹം ചോദിക്കുന്നു. യുഎസ് വിസ നടപടികൾ അങ്ങേയറ്റം നിരാശാജനകവും സുതാര്യമല്ലാത്തതുമാണെന്ന് അൻഷുമാൻ പറയുന്നു.


വൻതുക ഫീസായി ഈടാക്കിയിട്ടും കൃത്യമായ കാരണം വ്യക്തമാക്കാതെ വിസ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ പ്രതിഭകളെയും സംരംഭകരെയും ഇത്തരത്തിൽ അപമാനിക്കുന്ന രീതി മാറണമെന്നും അദ്ദേഹം കുറിച്ചു.


അൻഷുമാന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സമാനമായ അനുഭവം ഉണ്ടായ നിരവധി പേർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വിസ നടപടികൾ കൂടുതൽ ലളിതവും വ്യക്തവുമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home