ad
Deshabhimani

പശ്ചിമേഷ്യയിൽ വീണ്ടും വിദേശ കപ്പലിന് നേരെ മിസൈൽ ആക്രമണം: 24 ഇന്ത്യൻ നാവികരെ ഒമാൻ വ്യോമസേന രക്ഷപ്പെടുത്തി

Tanker.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 10:52 AM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ കടലിടുക്കിൽ വിദേശ എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് അപകടത്തിലായ 24 ഇന്ത്യൻ നാവികരെ ഒമാൻ അധികൃതരും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ രക്ഷപ്പെടുത്തി.


പലാവു രാജ്യത്തിന്റെ പതാകയേന്തിയ 'എംടി മാരിവെക്സ്' (MT Marivex) എന്ന ഓയിൽ ടാങ്കറിന് നേരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.


ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ ഒമാൻ അധികൃതരുമായി സമയബന്ധിതമായി നടത്തിയ ഏകോപനമാണ് നാവികരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.


ഒമാൻ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ എത്തിയാണ് കപ്പലിന്റെ ഡെക്കിൽ നിന്നും നാവികരെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്തത്. കർണാടകയിലെ കാർവാറിൽ നിന്നും ഒമാനിലെ ദുഖ്‌മിലേക്ക് പോവുകയായിരുന്ന കപ്പലാണ് ഒമാൻ കടൽത്തീരത്ത് വെച്ച് മിസൈൽ ആക്രമണത്തിന് ഇരയായത്.





എംടി മാരിവെക്സിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്ന വിവരത്തിന് പിന്നാലെ മുംബൈ എംആർസിസി ഒമാൻ ഒഎംഎസ്‌സിയുമായി അടിയന്തരമായി ബന്ധപ്പെടുകയും ഒമാൻ നേവി ഹെലികോപ്റ്ററുകളുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴുപ്പിക്കാൻ കൂട്ടായ നീക്കത്തിലൂടെ സാധിച്ചുവെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.


അപകടത്തിൽപ്പെട്ട എല്ലാ ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ സ്ഥിരീകരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വഴി നാവികരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ മാത്രം 32 നാവികർ ഉൾപ്പെടെ ഇതുവരെ 3,506 ഇന്ത്യൻ നാവികരെ വിവിധ പ്രതിസന്ധികളിൽ നിന്നും സുരക്ഷിതമായി മന്ത്രാലയം നാട്ടിലെത്തിച്ചിട്ടുണ്ട്.


ഇൻഡോ-പസഫിക് മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ വിദേശ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണം ശക്തമായി തുടരുമെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home