ബിൻ ലാദൻ ആക്രമിക്കാന്‍ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; രേഖകള്‍ പുറത്തുവിട്ട് സിഐഎ

ന്യൂഡൽഹി : അൽഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ യുഎസ് സെൻട്രൽ ഇന്റലിജെൻസ് ഏജൻസി(സിഎഎ) പുറത്തുവിട്ട രഹസ്യരേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് രഹസ്യരേഖകൾ പുറത്തുവിട്ടത്. ബിൻ ലാദനുമായി ബന്ധപ്പെട്ട 70 തിലധികം രഹസ്യാനേഷ്വണ റിപ്പോർട്ടുകൾ സിഎഎ വെള്ളിയാഴ്ച പരസ്യമാക്കിയിരുന്നു. 1998 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ യുഎസ് പ്രസിഡന്റുമാർക്ക് കൈമാറിയ രേഖകളാണ് പുറത്തുവിട്ടത്. നൂറിലധികം പേജുകളുള്ള ഈ രേഖകൾ, 9/11-ന് മുമ്പുള്ള വർഷങ്ങളിൽ ബിൻ ലാദൻ ഉയർത്തിയ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. 1998 ലെ ഒരു റിപ്പോർട്ടിലാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളെ ലാദൻ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരമുള്ളത്. പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട തുടങ്ങിയവയാണ് പട്ടികയിലുൾപ്പെട്ടിരുന്ന മറ്റ് രാജ്യങ്ങൾ.
ബിൻ ലാദന്റെ തീവ്രവാദ ശൃംഖല ഇപ്പോഴും ഭീഷണി എന്ന തലക്കെട്ടുള്ള രഹസ്യരേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ലാദന്റെ തീവ്രവാദ ശൃംഖലയെക്കുറിച്ച് യുഎസിന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.









0 comments