അഞ്ചുമാസംകൊണ്ട് 28,710 കോടി രൂപയുടെ നഷ്‌ടം
print edition പ്രതികാരച്ചുങ്കം ; യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 37.5 ശതമാനം ഇടിഞ്ഞു

ന്യൂഡൽഹി
പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം പ്രതികാരച്ചുങ്കം അടിച്ചേൽപ്പിച്ചതോടെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഗ്ലോബൽ ട്രേഡ് റിസർവ് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട്. മേയ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതി 37.5 ശതമാനമാണ് ഇടിഞ്ഞത്. മെയ് മാസത്തിൽ 76,560 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് യുഎസിലേക്കുണ്ടായത്. സെപ്‌തംബറിൽ കയറ്റുമതി 47,850 കോടി രൂപയായി, അഞ്ചുമാസത്തിൽ 28,710 കോടി രൂപ ഇടിവ്.
സ്‌മാർട്ട് ഫോൺ, മരുന്ന് കയറ്റുമതി ഗണ്യമായി കുറഞ്ഞു. 2024 മെയ്–സെപ്‌തംബർ കാലയളവിൽ സ്‌മാർട്ട് ഫോൺ കയറ്റുമതി 197 ശതമാനം വർധിച്ചിരുന്നു. ഇൗ വർഷമത് 58 ശതമാനം കുറഞ്ഞു. സ്‌മാർട്ട് ഫേ-ാണുകളുടെ കയറ്റുമതി മെയ് മാസത്തിൽ 19923 കോടി രൂപയായിരുന്നത് സെപ്‌തംബറിൽ 7696 കോടി രൂപയിലെത്തി. മരുന്ന് കയറ്റുമതി 15.7 ശതമാനമാണ് കുറഞ്ഞത്. മെയ് മാസത്തിൽ 6487 കോടിയുടെ മരുന്നുകൾ കയറ്റി അയച്ചപ്പോൾ സെപ്‌തംബറിൽ ഇത് 5416 കോടിയായി.
വ്യവസായ ലോഹങ്ങളുടെയും വാഹനഭാഗങ്ങളുടെയും കയറ്റുമതി 16.7 ശതമാനവും അലുമിനിയം കയറ്റുമതി 37 ശതമാനവും ഇരുമ്പ്– ഉരുക്ക് കയറ്റുമതി എട്ട് ശതമാനവും ചെമ്പിന്റെ കയറ്റുമതി 25 ശതമാനവും ഇടിഞ്ഞു. ടെക്‌സ്റ്റൈൽസ്, ആഭരണം, രാസവസ്‌തുക്കൾ, കാർഷികോൽപ്പന്നങ്ങൾ, യന്ത്രങ്ങൾ തുടങ്ങി യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 60 ശതമാനവും വരുന്ന മേഖലകളിൽ ഇടിവ് 33 ശതമാനം. 41760 കോടി രൂപയുടെ കയറ്റുമതി 27849 കോടിയായി കുറഞ്ഞു.
ആഭരണ മേഖലയിൽ 39.5 ശതമാനവും സോളാർ പാനലുകളുടെ കയറ്റുമതിയിൽ 60.8 ശതമാനത്തിന്റെയും കുറവുണ്ടായി. ഏപ്രിൽ രണ്ട് മുതലാണ് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയത്. ആദ്യം 10 ശതമാനവും ആഗസ്‌തിൽ രണ്ട് ഘട്ടങ്ങളിലായി 50 ശതമാനത്തിലേക്കും ഉയർത്തി.








0 comments