ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയില്‍ 18 ശതമാനം തീരുവ
print edition അടിയറവ് ; തീരുവയില്ലാതെ യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും

എം പ്രശാന്ത്
Published on Feb 04, 2026, 03:17 AM | 2 min read
ന്യൂഡൽഹി
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന യുഎസ് വ്യാപാരകരാറിനായി രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച് കേന്ദ്ര ബിജെപി സർക്കാർ. കരാർ നിലവിൽ വന്നാൽ തീരുവയില്ലാതെ അമേരിക്കയിൽ നിന്ന് വ്യാവസായിക– കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനമെന്ന ഉയർന്ന തീരുവ അമേരിക്ക നിലനിർത്തും. അമേരിക്കയുമായുള്ള ചരക്കുവ്യാപാരത്തിൽ ഇന്ത്യക്കുള്ള മേൽക്കൈ നഷ്‌ടമാകും. വ്യാപാരകമ്മി കുതിച്ചുയരും. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് കിട്ടിയിരുന്ന ക്രൂഡോയിലും ധാരണപ്രകാരം ഇന്ത്യ ഉപേക്ഷിക്കും. പകരം ട്രംപിന്റെ ആജ്ഞാനുസരണം യുഎസിൽനിന്ന് കൂടിയ വിലയ്‌ക്ക് എണ്ണ വാങ്ങും.
മാസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാറിൽ ധാരണയിലെത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം പ്രതികാരത്തീരുവ ട്രംപ് ചുമത്തിയത് കേന്ദ്രസർക്കാരിന് വലിയ സമ്മർദമായി. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ ഉയർത്തിയും ബദൽവിപണി കണ്ടെത്തിയും അമേരിക്കൻ സമ്മർദം അതിജീവിക്കാന്‍ ശ്രമിക്കുന്നതിന് പകരം ട്രംപിനുമുന്നിൽ മുട്ടിലിഴയാനാണ് ബിജെപി സർക്കാർ താല്‍പര്യപ്പെട്ടത്. കേന്ദ്രബജറ്റിനെതിരായി വലിയ ജനവികാരം ഉയരുകയും വിവാദ എപ്‌സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേരുൾപ്പെടുകയും ചെയ്‌തതിന് പിന്നാലെയാണ് തീരുമാനം.
പ്രതിപക്ഷ പാർടികളും കർഷക, ട്രേഡ്‌യൂണിയൻ സംഘടനകളും കരാറിനെ നിശിതമായി വിമർശിച്ച് രംഗത്തുവന്നു. അമേരിക്കയ്‌ക്ക് മുന്നിൽ സർക്കാർ പൂർണമായും കീഴടങ്ങിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. ബുധനാഴ്‌ച മുതൽ ഫെബ്രുവരി 11 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് കർഷകസംഘടനകൾ ആഹ്വാനംചെയ്‌തു. കരാറിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി 12ന് പണിമുടക്കിലേക്ക് നീങ്ങാൻ സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ്‌യൂണിയനുകളും ആഹ്വാനംചെയ്‌തു.
മോദിയും ട്രംപും കരാർ പ്രഖ്യാപനം നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കരാർ എന്ന് നിലവിൽ വരുമെന്നതിലും വ്യക്തതയില്ല. ‘യുഎസ് ഫസ്റ്റ്’ നയത്തിന്റെ വിജയമാണ് കരാറെന്നും ഇന്ത്യൻ വിപണിയിയിലേക്ക് യുഎസ് കാർഷികോൽപ്പന്നങ്ങൾ ഇനി ഒഴുകുമെന്നും അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പ്രതികരിച്ചു. പ്രതികാരത്തീരുവ ചുമത്തിയത് അമേരിക്കയായത് കൊണ്ടാണ് അത് നീക്കിയ കാര്യം അറിയിച്ച് ട്രംപ് ആദ്യം പ്രഖ്യാപനം നടത്തിയതെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ആഗോള സമാധാനത്തിന് ട്രംപിന്റെ നേതൃത്വം നിർണായകമാണെന്നും സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പൂർണമായി പിന്തുണയ്‌ക്കുമെന്നും മോദി പ്രതികരിച്ചു.
പരമാധികാരം ബലികഴിച്ചു: സിപിഐ എം
ഇന്ത്യ–യുഎസ് വ്യാപാര കരാറിലൂടെ ഇന്ത്യയുടെ പരമാധികാരം തന്നെയാണ് ബലികഴിച്ചതെന്നും ഇതുവഴി രാജ്യത്തിന് വലിയ നഷ്‌ടമുണ്ടാകുമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കരാറിന്റെ പൂർണരൂപം പാർലമെന്റിൽ അവതരിപ്പിക്കുകയും ജനങ്ങൾക്ക് ലഭ്യമാക്കുകയും വേണം. വിശദചർച്ചയും ആവശ്യമാണ്. വ്യാവസായിക–കാർഷിക മേഖലകളുടെയും അധ്വാനിക്കുന്നവരുടെയും താൽപ്പര്യം സംരക്ഷിക്കണം. ദോഷകരമായ വ്യവസ്ഥകൾ ഒഴിവാക്കണം. വിശദാംശങ്ങൾ അറിയുംമുന്പേ കരാർ പ്രഖ്യാപനം കോർപ്പറേറ്റ് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയാണ്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവയും യുഎസ് ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവയെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ ഇന്ത്യ ചുമത്തുന്ന തീരുവ–തീരുവയിതര തടസ്സങ്ങൾ നീക്കിയെന്നാണ് ട്രംപ് പറയുന്നത്. ഇതോടെ യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. അത് വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും ദോഷകരമാകും. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ സമ്മതിച്ചതായി ട്രംപ് പറയുന്നു. ഒപ്പം യുഎസ്സിൽനിന്ന് 45 ലക്ഷം കോടി രൂപയുടെ ഉൗർജ–സാങ്കേതിക–കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായും പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റം അസന്തുലിതമായ കരാറാണിത് –പി ബി പറഞ്ഞു.










0 comments