ad
Deshabhimani

മോദിക്ക്‌ എപ്‌സ്‌റ്റീൻ പേടി ; ട്രംപ് കല്‍പ്പിക്കുന്നിടത്തുനിന്ന് മോദി എണ്ണ വാങ്ങും

print edition വ്യാപാര കരാർ ; യുഎസ്‌ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക്‌ ഒഴുകും

India Us Trade Agreement
വെബ് ഡെസ്ക്

Published on Feb 04, 2026, 04:07 AM | 4 min read

ന്യൂഡൽഹി

ഇന്ത്യ– യുഎസ്‌ വ്യാപാര കരാറോടെ ആഭ്യന്തര വിപണിയിലേക്ക്‌ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കിന്‌ വഴിയൊരുങ്ങും. ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന അമേരിക്കൽ ഉൽപ്പന്നങ്ങൾക്ക്‌ തീരുവയുണ്ടാകില്ല. ഇന്ത്യയുടെ കാർഷിക – വ്യവസായ മേഖലകൾക്ക്‌ ഇത്‌ വൻ തിരിച്ചടിയാകും. ട്രംപ്‌ സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം പ്രതികാര തീരുവ പ്രതിസന്ധി സൃഷ്ടിച്ച ടെക്‌സ്‌റ്റൈൽസ്‌, സമുദ്രോൽപ്പന്നം, തുകലുൽപ്പന്നം തുടങ്ങിയ മേഖലകൾക്ക്‌ കരാർ ആശ്വാസമാകുമെങ്കിലും മറ്റെല്ലാ മേഖലയും ഇത്‌ തകർക്കും. രാജ്യത്തെ അറുപത്‌ ശതമാനം പേരുടെ ജീവിതോപാധി കൃഷിയാണ്‌. എന്നാൽ, 18.84 ലക്ഷം കർഷകർ മാത്രമാണ്‌ യുഎസിലുള്ളത്‌. വലിയ കൃഷിയിടങ്ങൾക്ക്‌ ഉടമകളായ ഇവർക്ക്‌ വൻ സബ്‌സിഡി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഇറക്കുമതി ചെയ്യപ്പെടുന്ന യുഎസ്‌ ഉൽപ്പന്നങ്ങളോട്‌ പിടിച്ചുനിൽക്കാൻ ഇന്ത്യയിലെ കർഷകർക്കാവില്ല.


ചോളം, സോയാബീൻ, ഗോതമ്പ്‌, പരുത്തി, അരി, ബാർലി, കരിമ്പ്‌, മുന്തിര‍ി, ഓറഞ്ച്‌, ബദാം, പിസ്‌ത, ഉരുളക്കിഴങ്ങ്‌, തക്കാളി തുടങ്ങിയ കാർഷികോൽപ്പന്നവും പാൽ, വെണ്ണ, നെയ്യ്‌ തുടങ്ങിയ ക്ഷീരോൽപ്പന്നങ്ങളും പന്നി ഇറച്ചിയും കോഴി ഇറച്ചിയും വ്യാപകമായി ഇന്ത്യയിലെത്തും. ഇ‍ൗ മേഖലയിലെ കർഷകർക്ക്‌ ഇത്‌ വൻ തിരിച്ചടിയാകും.


വ്യവസായ യന്ത്രങ്ങൾ, കമ്പ്യൂട്ടർ, ഇലക്‌ട്രിക്കൽ ഉൽപ്പന്നം, വിമാന ഭാഗം, ആട്ടോമൊബൈൽ‍, മരുന്ന്‌, മെഡിക്കൽ ഉപകരണം, രാസവസ്‌തുക്കൾ, പ്ലാസ്‌റ്റിക്ക്‌ ഉൽപ്പന്നം, വിലപിടിപ്പുള്ള ലോഹം എന്നിവയും അമേരിക്ക ധാരാളമായി കയറ്റുമതി ചെയ്യാറുണ്ട്‌. ഇ‍ത്തരം ഉൽപ്പന്നങ്ങളും തീരുവരഹിതമായി ഇന്ത്യയിലെത്തും. ചരക്കുവ്യാപാരത്തിൽ നിലവിൽ യുഎസുമായി ഇന്ത്യയ്‌ക്ക്‌ 4.19 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചമുണ്ട്‌. ഇ‍ൗ മേൽകോയ്‌മ ഇതോടെ നഷ്ടമാകും.


India Us Trade Agreement


മോദിക്ക്‌ എപ്‌സ്‌റ്റീൻ പേടി

യുഎസ്‌ ജയിലിൽ ദൂരൂഹസാഹചര്യത്തിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിവിട്ട ബന്ധം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ യുഎസ് വ്യാപാരകരാറിൽ ഒപ്പുവയ്ക്കാൻ തീരുമാനമായത്. യുഎസ്‌ നീതിന്യായ വകുപ്പ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിൽ മോദി 2017ൽ നടത്തിയ ഇസ്രയേൽ സന്ദർശനത്തിന്‌ പിന്നിൽ യുഎസിന്റെയും എപ്‌സ്‌റ്റീന്റെയും ഇടപെടലുണ്ടെന്ന വിവരമാണ്‌ പുറത്തുവന്നത്‌. കൂടുതൽ രേഖ പുറത്തുവരാനുള്ള സാധ്യത നിലനിൽക്കെയാണ്‌ യുഎസ്‌ താൽപ്പര്യത്തിന്‌ മോദി പൂർണമായും കീഴടങ്ങിയത്‌.


2014ൽ മോദി അധികാരത്തിലെത്തിയത്‌ മുതൽ അദേഹത്തിന്റെ വിശ്വസ്‌തർ എപ്‌സ്‌റ്റീനെ ബന്ധപ്പെട്ടിരുന്നു. വിവാദ വ്യവസായി അനിൽ അംബാനിയും മോദി സർക്കാരിനുവേണ്ടി ഇടപെട്ടു. യുഎസ്‌ പ്രസിഡന്റ്‌ ട്രംപിന്റെ മരുമകനും സർക്കാരിലെ ഉന്നതനുമായ ജാറെഡ് കുഷ്‌നർ, ട്രംപിന്റെ മുഖ്യതന്ത്രജ്‌ഞനായിരുന്ന സ്‌റ്റീവ്‌ ബന്നൺ എന്നിവരുമായി ബന്ധം സ്ഥാപിക്കാനാണ്‌ അനിൽ അംബാനി എപ്‌സ്‌റ്റീന്റെ സേവനം തേടിയത്‌. ‘ഡൽഹി നേതൃത്വ’ത്തിന്റെ താൽപ്പര്യപ്രകാരമായിരുന്നു ഇത്‌. ട്രംപിനെ കാണാൻ മോദിക്ക്‌ താൽപ്പര്യമുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി വൈകാതെ ഇസ്രയേൽ സന്ദർശിക്കുമെന്നും അംബാനി അയച്ച ഇ മെയിലിലുണ്ട്‌. 2017 ജൂണിൽ വാഷിങ്‌ടണിലെത്തി ട്രംപിനെ കണ്ട മോദി അടുത്ത മാസം ഇസ്രയേൽ സന്ദർശിച്ചു. ഇ‍ൗ ബന്ധത്തെക്കുറിച്ച്‌ മോദി വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി.


തിളക്കമില്ലാത്ത പൊതുബജറ്റിന്‌ പിന്നാലെ ഓഹരി വിപണിയിൽ വലിയ ഇടിവ്‌ സംഭവിച്ചിരുന്നു. നിക്ഷേപകരുടെ അടക്കം വിശ്വാസം നഷ്ടമാകുന്നത്‌ രാഷ്ട്രീയ തിരിച്ചടിയായി മാറുമെന്ന ആശങ്ക സർക്കാരിലെ ഉന്നതരിൽ ശക്തമായ ഘട്ടത്തിൽ കൂടിയാണ്‌ വ്യാപാര കരാർ പ്രഖ്യാപനം വന്നത്. കോർപ്പറേറ്റ്‌ താൽപ്പര്യം സംരക്ഷിച്ചുള്ള കരാർ പ്രഖ്യാപനത്തിന്‌ പിന്നാലെ ഓഹരി വിപണിയിൽ ഉണർവുണ്ടായി.


us crude oil


ട്രംപ് കല്‍പ്പിക്കുന്നിടത്തുനിന്ന് മോദി എണ്ണ വാങ്ങും

രാജ്യത്തിന്റെ ഉ‍ൗർജ്ജ പരമാധികാരം കൂടിയാണ്‌ വ്യാപാര കരാറിലൂടെ കേന്ദ്ര ബിജെപി സർക്കാർ അമേരിക്കയ്‌ക്ക്‌ അടിയറവച്ചത്‌. ഇന്ത്യ എവിടെ നിന്ന്‌ ക്രൂഡോയിൽ വാങ്ങണം, എവിടെ നിന്ന്‌ വാങ്ങരുത്‌ എന്ന്‌ അമേരിക്ക കൽപ്പിക്കുന്നതിലേക്ക്‌ കാര്യങ്ങളെത്തി. പ്രതിഷേധത്തിന്റെയോ പ്രതിരോധത്തിന്റെയോ നേരിയ സ്വരം പോലും ഉയർത്താതെയാണ്‌ കീഴടങ്ങൽ. അമേരിക്കൻ കൽപ്പന പ്രകാരം റഷ്യൻ എണ്ണ വാങ്ങുന്നത്‌ സർക്കാർ അവസാനിപ്പിക്കുന്നതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവിൽ കുറഞ്ഞത്‌ 10 ശതമാനത്തിന്റെ വർധനയുണ്ടാകും.


പകരം അമേരിക്കൻ – വെനസ്വേലൻ എണ്ണ കൂടുതലായി വാങ്ങാനാണ്‌ ട്രംപിന്റെ കൽപ്പന. മഡൂറോയുടെ ഭരണകാലത്ത്‌ വെനസ്വേലയിൽ നിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഇന്ത്യ ക്രൂഡോയിൽ വാങ്ങിയിരുന്നു. പ്രതിദിനം 5.4 ലക്ഷം ബാരൽ ക്രൂഡോയിൽ വരെ 2018ൽ ഇന്ത്യ ഇറക്കുമതി ചെയ്‌തു. എന്നാൽ അമേരിക്കയുടെ ഭീഷണിയെ തുടർന്ന്‌ 2019ല്‍ ഇത്‌ നിർത്തി. ഇറാനുമായുള്ള എണ്ണവ്യാപാരവും സമാനമായാണ്‌ നിര്‍ത്തിയത്‌. ഇറാനിൽ നിന്ന്‌ രൂപയിൽ ക്രൂഡോയിൽ വാങ്ങാമെന്ന നേട്ടംവരെ വേണ്ടെന്നുവച്ചു. പ്രതിദിനം 25 ലക്ഷം ബാരൽ ക്രൂഡോയിൽ വരെ വാങ്ങിയ ഘട്ടമുണ്ടായിരുന്നു. ഇത്‌ നിർത്തിയത്‌ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വലിയ വർധനയുണ്ടാക്കി. റഷ്യയിൽ നിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ ക്രൂഡോയിൽ കിട്ടിതുടങ്ങിയതോടെയാണ്‌ ഇ‍ൗ പ്രതിസന്ധി നീങ്ങിയത്‌. 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ 40 ശതമാനംവരെ റഷ്യയിൽ നിന്നാണ്‌. ബാരലിന്‌ അഞ്ച്‌ മുതൽ ഏഴ്‌ ഡോളർ വരെ ലാഭത്തിലാണിത്‌. ഇപ്പോൾ യുഎസ്‌ കൽപ്പനയിൽ ഇത്‌ ഒഴിവാക്കിയാൽ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വർധനവ്‌ ഇറക്കുമതി ചെലവിലുണ്ടാകും. വ്യാപാരകമ്മി കുതിച്ചുയരും. രാജ്യത്തിന്റെ സാമ്പത്തികതാൽപ്പര്യങ്ങളെ മറന്ന്‌ മോദി ട്രംപിന്‌ കീഴ്‌പ്പെടുന്നത്‌ എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.


എണ്ണ വേണ്ടെന്ന് 
ഇന്ത്യ അറിയിച്ചിട്ടില്ല : റഷ്യ

എണ്ണവാങ്ങുന്നത്‌ അവസാനിപ്പിക്കുന്നതായി ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. പ്രധാനമന്ത്രി മോദി റഷ്യൻ എണ്ണ വാങ്ങുന്നതായി അവസാനിപ്പിക്കാൻ സമ്മതിച്ചതായി യുഎസ്‌ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയാണ്‌ റഷ്യയുടെ പ്രതികരണം. സാധ്യമായ എല്ലാവഴികളിലും ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാനാണ്‌ റഷ്യ ആഗ്രഹിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയിൽനിന്ന്‌ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന്‌ റഷ്യൻ എണ്ണ മന്ത്രാലയവും അറിയിച്ചു.



പ്രക്ഷോഭത്തിനിറങ്ങി കർഷകർ

അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ കീഴടങ്ങിയുള്ള വ്യാപാര കരാറിനെ നിശിതമായി വിമർശിച്ച്‌ കർഷക സംഘടനകൾ രംഗത്ത്‌. ബുധൻ മുതൽ 11വരെ കരാറിനെതിരായി ഗ്രാമങ്ങൾതോറും പ്രതിഷേധം സംഘടിപ്പിക്കാൻ അഖിലേന്ത്യ കിസാൻ സഭയും സംയുക്ത കിസാൻമോർച്ചയും ആഹ്വാനം ചെയ്‌തു. തുടർന്ന്‌ 12ന്റെ പണിമുടക്കിലും കർഷകർ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച്‌ പങ്കാളികളാകും.


രാജ്യതാൽപ്പര്യത്തെയാണ്‌ മോദി സർക്കാർ ബലി നൽകിയതെന്ന്‌ കിസാൻസഭയും കിസാൻമോർച്ചയും പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടെയും ട്രംപിന്റെയും കോലങ്ങൾ കത്തിക്കും. ട്രംപിന്റെ ഭീഷണിക്ക്‌ മോദി കീഴടങ്ങി. കരാർ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങളാണ്‌ സംരക്ഷിക്കപ്പെടുകയെന്ന്‌ വ്യക്തമാണ്‌. ഇന്ത്യ– ഇയു കരാറിന്‌ പിന്നാലെയുള്ള അമേരിക്കൻ കരാർ കർഷകർക്ക്‌ ഇരട്ടപ്രഹരമാണ്‌. ഇന്ത്യൻ വിപണിയിലേക്ക്‌ തീരുവരഹിതമായി യുഎസ്‌ ഉൽപ്പന്നങ്ങൾ ഒഴുകും. യുഎസിൽ 19 ലക്ഷം കർഷകർ മാത്രമാണുള്ളത്‌. ഇന്ത്യയിൽ 60 ശതമാനം ജനങ്ങൾ കാർഷികമേഖലയെ ആശ്രയിച്ച്‌ കഴിയുന്നവരാണ്‌. 15 കോടി കൃഷിയിടങ്ങൾ രാജ്യത്തുണ്ട്‌. മോദിയുടെ വഞ്ചനയ്‌ക്ക്‌ കർഷകർ മാപ്പുനൽകില്ല– കിസാൻ സഭയും കിസാൻ മോർച്ചയും പ്രസ്‌താവനയിൽ പറഞ്ഞു.


പ്രതിഷേധിക്കുക: സിഐടിയു

അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ മോദി സർക്കാർ കീഴടങ്ങിയെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ്‌ കരാർ ദുരൂഹമാണ്‌. രാജ്യത്തെ കോടിക്കണക്കിന്‌ തൊഴിലാളികളുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്കെതിരായ നടപടിയാണിത്‌. അമേരിക്കൻ പ്രതിസന്ധിയെ ഇന്ത്യയുടെ ചുമലിലേക്ക്‌ മാറ്റുകയാണ്‌ കരാറിലൂടെ ചെയ്യുന്നത്‌. ഇത്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കും ജനങ്ങളുടെ ജീവിതോപാധിക്കും നഷ്ടം വരുത്തും. അമ്പതിനായിരം കോടി രൂപയുടെ ഉ‍ൗർജ്ജ– സാങ്കേതിക– കാർഷികോൽപ്പന്നങ്ങളും കൽക്കരി അടക്കമുള്ള മറ്റ്‌ ഉൽപ്പന്നങ്ങളും കരാർ പ്രകാരം ഇന്ത്യ വാങ്ങും. ഇത്‌ ഇന്ത്യൻ വ്യവസായങ്ങളെയും തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടും. യുഎസിന്‌ മുന്പാകെയുള്ള കീഴടങ്ങലിനെതിരായി വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചുകൊണ്ട്‌ ഫെബ്രുവരി 12 പണിമുടക്കിലേക്ക്‌ തൊഴിലാളികൾ നീങ്ങണമെന്നും എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home