ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യക്ക് ആശ്രയം റഷ്യ മാത്രം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഇറാൻ അധിനിവേശത്തെ തുടർന്ന് ഹോര്‍മുസ് കടലിടുക്ക് പൂർണമായി അടച്ചു. ഇതോടെ ഇന്ത്യയുടെ ഇന്ധന സുരക്ഷ ആശങ്കയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് ആശ്രയിക്കാൻ സാധിക്കുന്നത് പഴയ വിശ്വസ്ത സുഹൃത്തായ റഷ്യയേയാണ്. ഇന്ധനത്തിനായി റഷ്യയെ ആശ്രയിച്ചില്ലെങ്കിൽ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാവും.
പശ്ചിമേഷ്യയിലെ എണ്ണനീക്കം തടസ്സപ്പെട്ടതോടെ, കടലിൽ കെട്ടിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ അടിയന്തരമായി വാങ്ങുകയല്ലാതെ കേന്ദ്രത്തിന് വേറെ വഴിയില്ല.
അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധ ഭീഷണികൾ ഭയന്ന് റഷ്യൻ എണ്ണ ഇറക്കുമതി കുറച്ച കേന്ദ്രസർക്കാർ നയം ഇപ്പോൾ വെല്ലുവിളിയാവുകയാണ്. ഏതു സാഹചര്യത്തിലും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യ എന്നും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിപണിയിലെ വിലക്കയറ്റത്തിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കുന്നതിൽ റഷ്യൻ എണ്ണ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ പക്കലുള്ള എണ്ണ ശേഖരം രണ്ടാഴ്ചത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ. ഈ ഘട്ടത്തിൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാതെ, ജനങ്ങളുടെ താല്പര്യം മുൻനിർത്തി റഷ്യൻ എണ്ണയാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ.
2025 പകുതിയിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 40 ശതമാനംവരെ റഷ്യയിൽ നിന്നായിരുന്നു. എന്നാൽ അമേരിക്ക ഭീഷണിപ്പെടുത്തിയതോടെ ജനവുരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വിഹിതം 20 ശതമാനത്തിൽ താഴെയായി.
നിലവിൽ പ്രതിദിനം 25-27 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാണിത്. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വരവ് ഹോർമുസ് കടലിടുക്കിലൂടെയല്ല. അതുകൊണ്ടു തന്നെ റഷ്യൻ വ്യാപാരം തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുമായിരുന്നില്ല.
ഇന്ധനക്ഷാമത്തിലേക്ക് പോയാൽ വിലക്കയറ്റം രൂക്ഷമാവുകയും സമ്പദ് വ്യവസ്ഥ തകരുകയും ചെയ്യും. യുഎസ് ഭീഷണി വകവെയ്ക്കാതെ, റഷ്യ പോലുള്ള വിശ്വസ്ത രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നത് വഴി മാത്രമേ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുകയുള്ളു.










0 comments