ad
Deshabhimani

റഷ്യൻ ക്ര‍‍ൂഡോയിൽ ഒഴിവാക്കുന്നത്‌ ഇന്ത്യയുടെ 
എണ്ണ ഇറക്കുമതിച്ചെലവ്‌ ഗണ്യമായി വർധിപ്പിക്കും

print edition റഷ്യൻ എണ്ണ ഉപേക്ഷിക്കും ; ട്രംപിന്റെ വിരട്ടലില്‍ വഴങ്ങി മോദിസര്‍ക്കാര്‍

us ban for russian crude oil for india
വെബ് ഡെസ്ക്

Published on Oct 25, 2025, 04:46 AM | 2 min read


ന്യൂഡൽഹി

റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്‌റ്റിനും ലുകോയിലിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ക്ര‍ൂഡോയിലിനായി മറ്റ്‌ സ്രോതസുകളെ ആശ്രയിക്കാൻ മോദി സർക്കാർ. യുഎഇ, സ‍ൗദി, ഇറാഖ്‌, യുഎസ്‌ എന്നിവിടങ്ങളിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ്‌ നീക്കം. അമേരിക്ക 50 ശതമാനം പ്രതികാരത്തീരുവ ഏർപ്പെടുത്തിയപ്പോൾത്തന്നെ റഷ്യയിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി കുറയ്‌ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്‌ കേന്ദ്രസർക്കാർ നിർദേശം നൽകി. ഉപരോധംകൂടി പ്രഖ്യാപിച്ചതോടെ റഷ്യൻ ക്രൂഡോയിൽ ഒഴിവാക്കാനുള്ള നടപടികൾക്ക്‌ വേഗമേറി.

റിലയൻസ്‌, നയാര എന്നീ സ്വകാര്യ എണ്ണക്കമ്പനികളുടെ ഇറക്കുമതിയെയും യുഎസ്‌ ഉപരോധം ബാധിക്കും. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്ന കമ്പനികൾക്കും പണമിടപാടുകൾ നടത്തുന്ന ധനകാര്യസ്ഥാപനങ്ങൾക്കും എതിരായി രണ്ടാംനിര ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌.


നിലവിൽ പ്രതിദിനം ശരാശരി 17.5 ലക്ഷം ബാരൽ ക്രൂഡോയിലാണ്‌ റഷ്യയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇതിൽ 12 ലക്ഷം ബാരലും റോസ്‌നെഫ്‌റ്റ്‌, ലുകോയിൽ കമ്പനികളിൽനിന്നാണ്‌. നിലവിൽ ഇന്ത്യയുടെ ആകെ ക്ര‍ൂഡോയിൽ ഇറക്കുമതിയുടെ 35 ശതമാനവും റഷ്യയിൽനിന്നാണ്‌. റഷ്യൻ ക്രൂഡോയിൽ വിലക്കുറവിൽ ലഭിക്കുന്നതിനാൽ പൊതുമേഖലാ, സ്വകാര്യ എണ്ണക്കമ്പനികൾക്ക്‌ ഒരേപോലെ ലാഭകരമായിരുന്നു.

റഷ്യൻ ക്ര‍‍ൂഡോയിൽ ഒഴിവാക്കുന്നത്‌ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ്‌ ഗണ്യമായി വർധിപ്പിക്കും. നവംബർ 21 മുതലാണ്‌ യുഎസ്‌ ഉപരോധം നിലവിൽവരിക. അതിനുമുമ്പ്‌ ബദൽ സ്രോതസുകൾ കണ്ടെത്താനാകും എണ്ണക്കമ്പനികളുടെ ശ്രമം.


റഷ്യൻ എണ്ണ 
വാങ്ങുന്നത്‌ ഇന്ത്യ 
കുറച്ചെന്ന്‌ വൈറ്റ്‌ ഹ‍ൗസ്‌

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അഭ്യർഥന പ്രകാരം ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത്‌ കുറച്ചിട്ടുണ്ടെന്ന്‌ വൈറ്റ്‌ ഹ‍ൗസ്‌ പ്രസ്‌ സെക്രട്ടറി കരോലിൻ ലിവിറ്റ്‌. ‘ചൈന റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ കുറച്ചതായാണ്‌ റിപ്പോർട്ടുകൾ. ഇന്ത്യയും അതുതന്നെയാണ്‌ പിന്തുടരുന്നതെന്ന്‌ നമുക്കറിയാം’– അവർ പറഞ്ഞു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്‌ക്കുമെന്ന്‌ ഇന്ത്യ ഉറപ്പ്‌ നൽകിയിട്ടുണ്ടെന്ന്‌ ഡോണൾഡ്‌ ട്രംപ്‌ നേരത്തെ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വൈറ്റ്‌ ഹ‍ൗസിന്റെ പ്രതികരണം.


യുഎസ്‌ ഉപരോധത്തിന്‌ മറുപടി 
നൽകുമെന്ന്‌ പുടിൻ

റഷ്യൻ എണ്ണയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക്‌ മറുപടി നൽകുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമർ പുടിൻ. യുഎസുമായുള്ള ചർച്ചകൾക്ക്‌ ഇനിയും അവസരമുണ്ട്. ഉപരോധം റഷ്യൻ സന്പദ്‌ വ്യവസ്ഥയെ ബാധിക്കില്ല. മോസ്കോയും വാഷിങ്‌ടണും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കാത്ത സൗഹൃദവിരുദ്ധ നടപടിയാണിതെന്നും പുടിൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home