print edition ബഹിരാകാശവും കുത്തകകൾക്ക്; ഐഎസ്‌ആർഒയെ അപ്രസക്തമാക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം : രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമേഖലയെ പൂർണമായും കുത്തകകൾക്ക് തീറെഴുതാൻ നരേന്ദ്രമോദി സർക്കാർ. ‘ബാഹുബലി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എൽവിഎം–3 റോക്കറ്റ് അടക്കം സുപ്രധാന നിർമാണ പ്രവർത്തനങ്ങൾ സാങ്കേതികവിദ്യയടക്കം സ്വകാര്യ കന്പനികൾക്ക് കൈമാറുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കേണ്ടതില്ലെന്ന് വ്യവസ്ഥവെച്ചാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴി താൽപ്പര്യപത്രം ക്ഷണിച്ചത്. ഇതോടെ എച്ച്‌എഎൽ, ബിഎച്ച്‌ഇഎൽ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ പുറത്തായി. 21 വരെ താൽപ്പര്യപത്രം സമർപ്പിക്കാം.
സ്വകാര്യ കന്പനികളുടെയോ കൺസോർഷ്യത്തിന്റെയോ കൈകളിലേക്ക് ‘ബാഹുബലി’ നിർമാണം എത്തുമെന്ന് ഉറപ്പിച്ച നീക്കമാണുണ്ടായത്. എസ്എൽവി റോക്കറ്റുകളും പൂർണമായും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും. റോക്കറ്റിനുവേണ്ടിയുള്ള തന്ത്രപ്രധാന ഭാഗങ്ങളും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്‌ത് സ്വകാര്യ കമ്പനികളിൽ നിർമിക്കും. ആത്മനിർഭർ ഭാരതിന് പിന്നാലെ 2023-ൽ പുതിയ ബഹിരാകാശ നയവും പ്രഖ്യാപിച്ചതോടെയാണ് ഐഎസ്‌ആർഒ വിരുദ്ധനീക്കം. ഐഎസ്‌ആർഒയെ ഗവേഷണ മേഖലയിൽ മാത്രം ഒതുക്കി നിർമാണ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയ നയംമാറ്റം അതിവേഗം നടപ്പാക്കുകയാണ്.
നിർമാണ പ്രവൃത്തികൾ ‘ഗോ-കോ’ എന്ന പേരിൽ സ്വകാര്യ കമ്പനികളുടെ മേൽനോട്ടത്തിലേക്കും കരാർ ജീവനക്കാരിലേക്കുമാണ് ആദ്യം കൈമാറിയത്. ലാഭംമാത്രം ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികൾ നിർമിച്ചെടുക്കുന്ന ഉപകരണങ്ങളാണ് തന്ത്രപ്രധാനമായ വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഇൗ ഉപകരണങ്ങൾ പലതും ഐഎസ്ആർഒയുടെ സംവിധാനങ്ങളിൽവച്ച് സ്വന്തം സാങ്കേതിക വിദഗ്‌ധർ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നത് നിത്യസംഭവമായി. അതേസമയമാണ് എസ്എൽവി റോക്കറ്റ് മുഴുവനായും സ്വകാര്യ കമ്പനികളെയോ കൺസോർഷ്യത്തെയോ ഏൽപിക്കാനായി വീണ്ടും കേന്ദ്രസർക്കാർ നയംമാറ്റിയത്.
ജൂലൈ 18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് സ്വകാര്യകന്പനിയായ സ്‌കൈറൂട്ട് എയറോസ്‌പെയ്‌സിന്റെ വിക്രം–1 റോക്കറ്റ് വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി സർക്കാർ ആഘോഷിച്ചു. പൊതുപണംകൊണ്ട് ആർജിച്ച സാങ്കേതിക സംവിധാനങ്ങളാകെ സ്വകാര്യമേഖലയ്‌ക്ക് തുറന്നിട്ടതാണ് ഫലത്തിൽ ഉണ്ടായത്. അതേസമയം, ജനുവരിയിൽ ഐഎസ്‌ആർഒ വിക്ഷേപിച്ച പിഎസ്‌എൽവി സി–62 പരാജയപ്പെട്ടശേഷം ആറുമാസം പിന്നിട്ടിട്ടും പുതിയ ദൗത്യങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ല. 1979-ൽ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്‌എൽവി-–3 വിക്ഷേപണം പരാജയമായിരുന്നു. അവിടെ അവസാനിക്കുകയല്ല, കരുത്തോടെ കുതിക്കുകയാണ് ഐഎസ്‌ആർഒ ചെയ്‌തത്. ആ ആർജവത്തെ ഇല്ലാതാക്കുകയാണ് സ്വകാര്യ മേഖലയ്‌ക്കായി നിലയുറപ്പിക്കുന്ന മോദി സർക്കാർ.










0 comments