ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും; വിസ നടപടികൾ ലളിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ അനാവശ്യ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയെഴുതി ഇനി ബുദ്ധിമുട്ടേണ്ടതില്ല. വിസ അപേക്ഷാ ഫോമിലെ 70 ശതമാനത്തോളം കോളങ്ങൾ വെട്ടിമാറ്റി, നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുൻപുണ്ടായിരുന്ന 13 വിസ കാറ്റഗറികൾ 9 ആക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെയും ജീവിതപങ്കാളികളെയും നാട്ടിലെത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും, ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്കും പുതിയ മാറ്റങ്ങൾ ഉപകരിക്കും.
ടൂറിസ്റ്റ് വിസയുടെ പേര് 'വിസിറ്റർ വിസ' എന്ന് മാറ്റിയതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കേവലം വിനോദസഞ്ചാരത്തിന് അപ്പുറം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് വിസ മാറുന്നത്. വിസിറ്റർ വിസയെ വി-1 (V-1), വി-2 (V-2) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെറിയ കാലത്തേക്കുള്ള സന്ദർശകർക്ക് വി-1 വിസയും, ഒന്ന്, അഞ്ച്, പത്ത് വർഷം വരെ ഇന്ത്യയിൽ തങ്ങേണ്ടവർക്ക് വി-2 വിസയുമായിരിക്കും. പർവ്വതാരോഹണത്തിന് എത്തുന്നവർക്ക് 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണ് ലഭിക്കുക.
ഇതിനു പുറമെ, ബിസിനസ് വിസകളെയും ബി-1, ബി-2 എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാൻ ദീർഘകാല ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ബി-1 വിസ. സമ്മേളനങ്ങൾ, കായിക - കലാ - സാംസ്കാരിക പരിപാടികൾ, ചെറിയ കരാറുകൾ, സിനിമാ ചിത്രീകരണം തുടങ്ങിയവയ്ക്കായി എത്തുന്നവർക്കാണ് ബി-2 വിസ. ഇവർക്ക് ഇ-വിസ പ്ലാറ്റ്‌ഫോം വഴി വിസ സ്വന്തമാക്കാം.
വിദേശ വിദ്യാർഥികൾക്കായി വിസയിലെ ആശയക്കുഴപ്പങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതൽ സ്കൂൾ, ബിരുദ, ബിരുദാനന്തര പഠനങ്ങൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് എസ്-1 (S-1) വിസയും, പിഎച്ച്ഡി ഉൾപ്പെടെയുള്ള ഗവേഷണങ്ങൾക്കും വിസിറ്റിംഗ് പ്രൊഫസർമാർക്കും എസ്-2 (S-2) വിസയുമാണ് നൽകുക.
ഇന്ത്യയിൽ ചികിത്സയ്ക്കായി എത്തുന്ന വിദേശികൾക്കും അവരുടെ കൂടെ വരുന്നവർക്കും പുതിയ മാറ്റങ്ങൾ ഉപയോഗപ്രദമാകും. അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി വിസ നടപടികൾ സുതാര്യമാക്കുന്നതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും വിദ്യാർഥികളെയും രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
2025 ഒക്ടോബറിൽ വിസ കാറ്റഗറികൾ 22ൽ നിന്ന് 13 ആക്കി കുറച്ചിരുന്നു. സോഫ്റ്റ്‌വെയർ പരിഷ്കരണങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ പുതിയ വിസ ചട്ടങ്ങൾ പൂർണമായും പ്രാബല്യത്തിൽ വരും.








0 comments