Deshabhimani

മണ്ഡലകാലം 17 മുതൽ; മുന്നൊരുക്കമില്ലാതെ കെഎസ്‌ആർടിസി; ശബരിമല സർവീസിനായി സാധാരണ സർവീസുകൾ വെട്ടിച്ചുരുക്കുന്നു

satheesan ksrtc
വെബ് ഡെസ്ക്

Published on Nov 12, 2026, 01:32 PM | 1 min read

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തീർഥാടകർക്ക്‌ സുഗമമായ യാത്രയൊരുക്കാൻ യാതൊരു മുന്നൊരുക്കവും നടത്താതെ സർക്കാരും കെഎസ്ആർടിസിയും. ശബരിമല സർവീസുകൾക്കായി പുതിയ ബസുകൾ അനുവദിക്കാനോ കട്ടപ്പുറത്തുള്ള ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാനോ തയ്യാറായിട്ടില്ല. പകരം, സംസ്ഥാനത്തുടനീളം നിലവിലുള്ള സാധാരണ സർവീസുകൾ വെട്ടിച്ചുരുക്കി ശബരിമലയിലേക്ക്‌ തിരിച്ചുവിടാനാണ്‌ നീക്കം. ഇത്‌ പൊതുജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നതോടൊപ്പം സ്വകാര്യ ബസ്‌ മുതലാളിമാരെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്‌.


മുൻവർഷങ്ങളിൽ മണ്ഡലകാലത്തിന്‌ മാസങ്ങൾക്ക്‌ മുമ്പുതന്നെ ഡിപ്പോകളിൽ ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശബരിമല സർവീസിന് സജ്ജമാക്കുമായിരുന്നു. കൂടാതെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കൃത്യമായി വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അറ്റകുറ്റപ്പണികളോ ജീവനക്കാരുടെ വിന്യാസമോ ഇതുവരെ ആരംഭിച്ചിട്ടില്ല. കട്ടപ്പുറത്തായ ബസുകൾ തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌.


പ്രിയദർശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി സൃഷ്ടിച്ച കനത്ത സാമ്പത്തിക നഷ്ടം മറികടക്കാൻ ഈ ബസുകളെയും ശബരിമല സ്പെഷ്യൽ സർവീസുകളായി മാറ്റാനാണ്‌ അധികൃതരുടെ തീരുമാനം. പ്രിയദർശിനി സർവീസുകൾ പിൻവലിച്ച്‌ പകരം നിരത്തുകളിൽ സിറ്റി ഫാസ്റ്റ്‌ ഉൾപ്പെടെയുള്ള സാധാരണ ബസുകൾ ഇറക്കാനാണ്‌ ആലോചന. ഇതോടെ സാധാരണക്കാരായ യാത്രക്കാരും സ്ത്രീകളും പെരുവഴിയിലാകും. ഇതിനുപുറമെ, വൻതുക നൽകി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്‌.


സംസ്ഥാനത്തുടനീളം നിലവിലുള്ള ഓർഡിനറി, ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി ശബരിമലയ്ക്ക്‌ അയക്കുന്നതോടെ പ്രാദേശിക റൂട്ടുകളിൽ ബസുകളുടെ എണ്ണം ഗണ്യമായി കുറയും. ഇത്‌ സാധാരണക്കാരായ യാത്രക്കാരെ പെരുവഴിയിലാക്കും. യാത്രാക്ലേശം രൂക്ഷമാകും. ടൂറിസ്റ്റ് ബസ്സുകളേയും ടെംബോ ട്രാവലർ അടക്കമുള്ള സ്വകാര്യ സർവീസ് ലോബിയെ സഹായിക്കാനാണ് സർക്കാർ നീക്കം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തീർഥാടകർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാകാതെ കൈവിട്ട് പോകുമ്പോൾ ആ സാഹചര്യം മുതലെടുത്ത്‌ സ്വകാര്യ ബസുകൾക്ക്‌ പുതിയ റൂട്ടുകളും പെർമിറ്റുകളും അനുവദിച്ചുനൽകാനാണ്‌ സർക്കാർ നീക്കം. യാത്രക്കാരുടെ ബുദ്ധിമുട്ട്‌ എന്ന പേരിൽ സ്വകാര്യ ലോബിക്ക്‌ വഴിവിട്ട സഹായം നൽകി പോക്കറ്റ്‌ നിറയ്ക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home