വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും സംഘപരിവാർ നിയമനം; ബിജെപി നേതാവിന് അംഗത്വം നൽകുന്നത് ഫൗണ്ടേഷന്റെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും സംഘപരിവാർ നിയമനം. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായി ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിനെ യുഡിഎഫ് സർക്കാർ നിയമിച്ചു. മുസ്ലിം ലീഗ് നിയന്ത്രിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പാണ് നിയമന ഉത്തരവിറക്കിയത്. ഫൗണ്ടേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിക്ക് അംഗത്വം നൽകുന്നത്. വിദ്യാഭ്യാസരംഗത്തെ വിവിധ സമിതികളിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ എത്തിക്കുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണ് പുതിയ നിയമനം.
കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അധ്യാപക ക്ഷേമ ഫൗണ്ടേഷനിലും സംഘപരിവാർ സംഘടനാ നേതാവിന് അംഗത്വം നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട സമിതിയിലാണ് ആദ്യമായി ബിജെപി പ്രതിനിധിയെ ഉൾപ്പെടുത്തിയത്. ഇപ്പോൾ അധ്യാപകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സംവിധാനത്തിലും ബിജെപി അനുകൂല സംഘടനയ്ക്ക് ഔദ്യോഗിക പ്രാതിനിധ്യം ലഭിച്ചു. രണ്ട് നിയമനങ്ങളും മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലാണ് നടന്നത്.
ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ടി അനൂപ് കുമാർ. സംഘടനയുടെ 2026–27 വർഷത്തെ ഔദ്യോഗിക ഭാരവാഹിപ്പട്ടികയിലും ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന്റെ പേരുണ്ട്. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘുമായി ബന്ധമുള്ള സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളിൽ ഒരാൾ യുഡിഎഫ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധിയായിരുന്നു. നേരത്തേ യുഡിഎഫ് ഭരണകാലത്ത് ഇടത് അധ്യാപക സംഘടനയുടെ പ്രതിനിധിക്കും അംഗത്വം നൽകിയിട്ടുണ്ട്. എന്നാൽ ബിജെപി അനുകൂല അധ്യാപക സംഘടനയ്ക്ക് ഇതുവരെ ഈ സംവിധാനത്തിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ആ കീഴ്‌വഴക്കമാണ് ലീഗ് മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിയമനത്തിലൂടെ മാറിയത്.
കോൺഗ്രസിന് ഭൂരിപക്ഷമുള്ള കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റാണ് നേരത്തേ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘവുമായി ബന്ധപ്പെട്ട 32 അധ്യാപകരെ വിവിധ പഠന ബോർഡുകളിലേക്ക് നിയമിച്ചത്. ഇവരിൽ രണ്ടുപേർക്ക് പഠന ബോർഡ് അധ്യക്ഷസ്ഥാനവും ലഭിച്ചു. നിയമനം ലഭിച്ചവരെ അഭിനന്ദിച്ച് സംഘടന തന്നെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. സർവകലാശാലയിലെ വിവിധ കോഴ്സുകളുടെ സിലബസ് തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സമിതികളിലാണ് ഇത്രയധികം സംഘപരിവാർ സംഘടനാ പ്രതിനിധികൾക്ക് ഇടം ലഭിച്ചത്.







0 comments