ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ആറ് മാസത്തിനിടെ ആറാം തവണത്തെ കൂട്ടസ്ഥലംമാറ്റം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ വട്ടംകറക്കി വീണ്ടും കൂട്ട സ്ഥലംമാറ്റവുമായി യുഡിഎഫ് സർക്കാർ. ആറ് മാസത്തിനിടെ ആറാം തവണയാണ് ഇത്രയധികം ഉദ്യോഗസ്ഥരെ ഒന്നിച്ചുമാറ്റുന്നത്.
എസ് കാർത്തികേയനെ പുതിയ എക്സൈസ് കമീഷണറായി നിയമിച്ചു. ടി വി സുഭാഷിനെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. ഡി ബാലമുരളിക്ക് കെഎംഎസ്‍സിഎൽ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നൽകി. ആരോഗ്യമന്ത്രിയുടെ അനാവശ്യ ഇടപെടലിനെ തുടർന്ന് കെഎംഎസ്‍സിഎൽ എംഡി സ്ഥാനത്തേക്ക് ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നു.
കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ എം ജി രാമജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറിയാക്കിയിരുന്നു. ഇപ്പോൾ ഇൻഷർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗതാഗതവകുപ്പിലേക്ക് മാറ്റപ്പെട്ടിരുന്ന ശർമിള മേരി ജോസഫിന് കെറ്റിഡിഎഫ്സി ചെയർപേഴ്സന്റെയും എംഡിയുടെയും അധികചുമതല നൽകി.
കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തിന് മൃഗശാല, മ്യൂസിയം പുരാവസ്തു സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡിയായി ജെറോമിക് ജോർജിനെ നിയമിച്ചു. മാരിടൈം ബോർഡ് സിഇഒയുടെ അധികചുമതലയിലും ജെറോമിക് തുടരും. എൻ ദേവിദാസിനെ ലൈഫ് മിഷൻ സിഇഒ, ഇംപാക്ട് കേരള എംഡി അധിക ചുമതല എന്നീ സ്ഥാനങ്ങളിലും നിയമിച്ചു.







0 comments