Deshabhimani

പിണറായി നാളെ കാലടിയിലെ സമരപ്പന്തലിൽ

Pinarayi Vijayan Kalady Sanskrit University

പിണറായി വിജയൻ (ഇടത്), കാലടി സംസ്‌കൃത സർവകലാശാല കവാടത്തിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനർ (വലത്)

വെബ് ഡെസ്ക്

Published on Nov 12, 2026, 01:22 PM | 1 min read

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാല വിദ്യാർഥി സമരത്തിന്‌ ആവേശം പകരാൻ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ വെള്ളിയാഴ്‌ച സമരപ്പന്തലിലെത്തും. ദേശീയതലത്തിൽ ചർച്ചയായ വിദ്യാർഥി സമരത്തിന്‌ ഐക്യദാർഢ്യവുമായി എത്തുന്ന അദ്ദേഹം രാവിലെ 9.30ന്‌ വിദ്യാർഥികളെ അഭിവാദ്യം ചെയ്യും.


അടിസ്ഥാനസ‍ൗകര്യങ്ങൾ ഉന്നയിച്ചും സർവകലാശാല അധികാരികളുടെ പകപോക്കൽ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ് സര്‍വകലാശാലയ്‌ക്ക്‌ മുന്നിൽ വിദ്യാർഥികൾ നിരാഹാര സമരം തുടരുന്നത്. സമരം വ്യാഴാഴ്‌ച പതിനൊന്നാം ദിവസത്തിലേയ്‌ക്ക്‌ കടന്നിട്ടും സംസ്ഥാന സർക്കാരും താൽക്കാലിക വി സി സിസ തോമസും കണ്ട മട്ട്‌ നടിച്ചിട്ടില്ല. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയെന്നറിഞ്ഞിട്ടും വിസിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇടപെടാൻ തയ്യാറല്ല. "കോടതി തീരുമാനിക്കട്ടെ' എന്നതാണ്‌ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ നിലപാട്‌.


ആവശ്യങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന് നിരാഹാരമിരിക്കുന്ന പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവർ പൊലീസിന്‌ എഴുതി നൽകി. ‘ആരുടെയും പ്രേരണയാലല്ല ഞങ്ങൾ നിരാഹാരം അനുഷ്‌ഠിക്കുന്നത്‌. ആവശ്യങ്ങൾ നേടിയെടുത്തശേഷം സമരത്തിൽ നിന്ന്‌ പിന്മാറും’ വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു.


ബുധനാഴ്‌ച ഹൈക്കോടതി സർവകലാശാലയ്‌ക്കെതിരെ രൂക്ഷവിമർശം നടത്തിയത്‌ സമരത്തിന്‌ കൂടുതൽ ഉ‍ൗർജം പകർന്നു. ‘അറുപത്‌ ദിവസത്തിലേറെ വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും മതിയായില്ലേയെന്നും ഇനിയെന്ത് മാപ്പാണ് നിങ്ങൾക്ക് വേണ്ടതെ’ന്നുമാണ്‌ സർവകലാശാലയോട്‌ ഹൈക്കോടതി ചോദിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home