ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി; ഏപ്രിലിലും രാജ്യത്ത് വിലക്കയറ്റം രൂക്ഷം, പണപ്പെടുപ്പത്തിലും കുറവില്ല

Inflation.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 12, 2026, 04:25 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പത്തിൽ കാര്യമായ കുറവില്ലാതെ തുടരുന്നു. ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്ക് നേരിയ മാറ്റങ്ങളോടെ 4.83 ശതമാനത്തിൽ തുടരുകയാണ്. മാർച്ചിലിത് 4.85 ശതമാനമായിരുന്നു.


ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ അനിശ്ചിതത്വങ്ങളും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവുമാണ് പണപ്പെരുപ്പം താഴേക്ക് വരാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മാർച്ചിലെ 8.52 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 8.70 ശതമാനമായി ഉയർന്നു. പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വർധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.


ഉഷ്ണതരംഗത്തെത്തുടർന്ന് കാർഷിക ഉൽപാദനത്തിലുണ്ടായ കുറവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും വരും മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.


പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിയായ 4 ശതമാനത്തിലേക്ക് എത്താത്ത സാഹചര്യത്തിൽ, വായ്പാ പലിശ നിരക്കുകളിൽ ഉടൻ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 5.43 ശതമാനമായും നഗര മേഖലയിൽ 4.11 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്.


ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മാന്ദ്യം ഉണ്ടെന്ന തരത്തിൽ പ്രധാനമന്ത്രിയും ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home