ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാൻ നീക്കം, വര്‍ധന ലിറ്ററിന് 10 രൂപ എത്തിക്കുക ലക്ഷ്യം

മുംബൈ: കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധന വരുത്തിയത്. ഇനിയും ഒരു വര്‍ധനയ്ക്ക് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വന്നു. വിലവര്‍ധന മാത്രം പത്ത് രൂപയിൽ എത്തിക്കയാണ് ലക്ഷ്യം. നികുതികൾ അധികമായി വരും. കഴിഞ്ഞ ദിവസത്തെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയിൽ തന്നെ ഇതു സംബന്ധിച്ച പരോക്ഷ സൂചന പുറത്തു വന്നിരുന്നു.
രണ്ട് ആഴ്ചയ്ക്കിടെ പെട്രോളിന്റെ വിലയിൽ വരുത്തിയ വര്‍ധന ഏകദേശം 8.35 പൈസ വരെയാണ്. ഡീസലിന് 8.53 പൈസയും കൂട്ടി. മൊത്തം, ഡീസലിന് 8.6 ശതമാനവും പെട്രോളിന് 7.8 ശതമാനവും വില വര്‍ധന ഉണ്ടായി. നാല് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ ഇത്രയും വലിയ വിലവർധന നടത്തുന്നത്.
മന്ത്രി പറഞ്ഞതും
പറയാതെ പറഞ്ഞതും
ക്രൂഡ് ഓയിൽ വില വര്‍ധന മറികടക്കാൻ തീരുവ കുറച്ച് നൽകിയതിലൂടെ സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം വേണ്ടെന്ന് വെച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചത് ഫെബ്രുവരി 28 നാണ്. അതിന് മുൻപ് ക്രൂഡോയിൽ വില കുത്തനെ താഴ്ന്നിരുന്ന ഘട്ടങ്ങളിൽ ഒരിക്കലും വിലക്കുറവ് അനുവദിച്ചിരുന്നില്ല. ഇക്കാര്യം മറച്ചു വെച്ചാണ് പുതിയ ബാധ്യതയുടെ കണക്ക് മന്ത്രി നിര്‍മല സീതാരാമൻ നിരത്തിയത്. ആക്കാലയളവിൽ റഷ്യയിൽ നിന്ന് യഥേഷ്ടം വില കുറഞ്ഞ എണ്ണ ലഭിച്ചതിന്റെ മെച്ചവും സാധാരണക്കാരിൽ എത്തിയിരുന്നില്ല.
ഇപ്പോൾ പ്രതിസന്ധി വന്നപ്പോൾ വമ്പൻ വില വര്‍ധനയുമായി ജനങ്ങളുടെ ജീവിതത്തിൽ നിന്ന് നേരിട്ട് കാശ് കവരുന്ന സാഹചര്യമാണ്. അന്താരാഷ്ട്ര വിപണിയിൽ 70 ഡോളര്‍ വരെയായിരുന്ന ക്രൂഡ് ഓയിൽ വില യുദ്ധത്തിന്റെ ഫലമായി നൂറ്കടന്നു. സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചില്ലെങ്കിൽ 10 രൂപവരെ സ്വാഭാവികമായി വര്‍ധന വരുമായിരുന്നു. എണ്ണ കമ്പനികളാണ് ഇപ്പോൾ വില വര്‍ധന നടപ്പാക്കുന്നത് എന്നിങ്ങനെയാണ് മന്ത്രി വാദിച്ചത്.
യഥാര്‍ത്ഥത്തിൽ കഴിഞ്ഞ തവണത്തെ വിലവര്‍ധന വഴി തന്നെ പത്ത് രൂപയുടെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. നികുതികൾ കൂടി കണക്കാക്കുമ്പോൾ പമ്പുകളിൽ പത്ത് രൂപയുടെ അടുത്ത് അധികമായി ഓരോരുത്തരും നൽകുന്നുണ്ട്. ഇന്ധനവിലയുടെ വലിയൊരു പങ്ക് കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും (Excise Duty) സംസ്ഥാന സർക്കാരുകളുടെ വാറ്റും (VAT) ആണ്. ഇവ കൂടി ചേര്‍ന്നാണ് പമ്പുകളിലെ വില. അതായത് വര്‍ധിപ്പിച്ചതായി പറയുന്നതിലും അധികം തുക പമ്പുകളിൽ എത്തുമ്പോൾ നൽകേണ്ടി വരും. ഇവയെല്ലാം മറച്ചു വെച്ചാണ് സര്‍ക്കാര്‍ തീരുവ കുറച്ചാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരിയ ഒരു വര്‍ധയാണ് വരാനിരിക്കുന്നത് എങ്കിൽ പോലും അത് പത്ത് രൂപ മറികടക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കും.
പത്ത് രൂപയുടെ വര്‍ധന സാധാരണക്കാരന്റെ ജീവിതത്തിലേക്കാണ് നേരിട്ട് വരിക. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇത് ജനജീവിതത്തെ ചെലവേറിയതാക്കും. ഇപ്പോൾ തന്നെ വിലക്കയറ്റത്തിൽ വലയുന്നവരുടെ ജീവിതം പൂർണ ദുരിതത്തിലാകും.. കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും എല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ടാവും.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 40%-ത്തോളം തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം അമേരിക്കയെ പേടിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തു. മാർച്ചിൽ 12.1 ബില്യൺ ഡോളറായിരുന്ന രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് ഏപ്രിലിൽ 53% വർധിച്ച് 18.6 ബില്യൺ ഡോളറിൽ എത്തി. രാജ്യത്തെ മൊത്തവ്യാപാര പണപ്പെരുപ്പം (Wholesale Inflation) മാർച്ചിലെ 3.88%-ൽ നിന്ന് ഏപ്രിലിൽ 8.3% ആയി കുതിച്ചുയർന്ന സാഹചര്യവുമാണ്. വിപണിയിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയും, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുകയും ചെയ്യുന്നു.
രൂപ തകരുന്നതും എണ്ണവിലയിൽ
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വാങ്ങുന്നത് യു.എസ്. ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ എണ്ണവില ഡോളർ കണക്കിൽ കുറഞ്ഞാലും ഇന്ത്യക്ക് അത് വാങ്ങാൻ കൂടുതൽ രൂപ ചെലവഴിക്കേണ്ടി വരും. ഇത് ഇറക്കുമതിച്ചെലവ് ഉയർത്തിത്തന്നെ നിർത്തും. അടുത്തിടെ രൂപയുടെ മൂല്യം 97-ന് അടുത്ത് വരെ എത്തിയിരുന്നു, ഇപ്പോൾ 95.25 ആണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളം വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അമേരിക്കയ്ക്കു വഴിപ്പെട്ടു നിൽക്കുന്ന കാലത്തോളം ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസം രാജ്യത്ത ബാധിക്കും. എണ്ണ ലഭ്യതയിലെ കുറവും ഉയർന്ന ഇൻഷുറൻസ് ചെലവും വില ഉയർത്തിത്തന്നെ നിർത്തും. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾ ആഗസ്ത്-സെപ്റ്റംബർ മാസം വരെ നീണ്ടുപോവുകയാണെങ്കിൽ വിപണിയിലെ അനിശ്ചിതത്വം കടുത്തതാകും. ക്രൂഡ് ഓയിൽ വില വര്‍ധന നേരിട്ട് ജനങ്ങളുടെ ചുമലിലേക്ക് മറിക്കുക എന്ന തന്ത്രമാവും ഇനിയും കേന്ദ്ര സര്‍ക്കാര്‍ തുടരുക. എണ്ണ വില കുറയുമ്പോൾ അതിന്റെ ലാഭം സമാഹരിക്കുക കൂടുമ്പോൾ ജനങ്ങളുടെ കൈയിൽ നിന്നും ഈടാക്കുക എന്ന നയമാണ്.
പശ്ചമേഷ്യൻ ചർച്ചകൾ പൂർണ്ണമായി പരാജയപ്പെടുകയും പ്രതിസന്ധി ഈ വർഷം അവസാനം വരെ നീളുകയും ചെയ്താൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 200 ഡോളർ വരെ വില ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











0 comments