യുഎൻ രക്ഷാസമിതിയിൽ പാകിസ്ഥാന് തിരിച്ചടി

പ്രതീകാത്മക ചിത്രം
ഐക്യരാഷ്ട്ര കേന്ദ്രം : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും ഇടയിൽ രൂക്ഷമാകുന്ന സംഘർഷം ചർച്ച ചെയ്യാൻ ചേർന്ന യു എൻ രക്ഷാസമിതി യോഗത്തിൽ പാകിസ്ഥാന് തിരിച്ചടി. സമിതിയിലെ താൽക്കാലിക അംഗമായ പാകിസ്ഥാന്റെ അഭ്യർഥനയിൽ ചൊവ്വ പുലർച്ചെയാണ് യോഗം ചേർന്നത്. ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തായ്‌ബുടെ പങ്കിനെ ചൊദ്യം ചെയ്ത അംഗരാജ്യങ്ങൾ, പാകിസ്ഥാന്റെ ഭാഗത്തനിന്നുണ്ടാകുന്ന പ്രകോപനങ്ങളെ വിമർശിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രക്ഷാസമിതി ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം രക്ഷാസമിതി അംഗങ്ങൾ മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് റിപ്പോർട്ട്.
ഉഭയകക്ഷി നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അംഗരാജ്യങ്ങൾ, മിസൈൽ പരീക്ഷിച്ചും ആണവായുധ ഭീഷണി മുഴക്കിയും പാകിസ്ഥാൻ വിഷയം വഷളാക്കുകയാണെന്നും നിരീക്ഷിച്ചു. ഭീകരാക്രമണത്തെ എല്ലാ അംഗരാജ്യങ്ങളും അപലപിച്ചു. മതത്തിന്റെ പേരിലുള്ള ആക്രമണം ആശങ്കയുളവാക്കുന്നെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ അഭ്യർഥനപ്രകാരമാണ് സമിതി പ്രസ്താവന ഇറക്കാത്തതെന്നും അനൗദ്യോഗിക റിപ്പോർട്ട്. പ്രശ്‌നം അന്താരാഷ്ട്ര വിഷയമാക്കി ഉയർത്താനുളള പാക് ഇപെടൽ പരാജയപ്പെട്ടതായാണ് പൊതുവേ വിലയിരുത്തപ്പടുന്നത്. എന്നാൽ, രക്ഷാസമിതി വിഷയം ചർച്ച ചെയ്യുകയെന്ന തങ്ങളുടെ പ്രധാന ലക്ഷ്യം പൂർത്തീകരിച്ചതായി യു എന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസം ഇഫ്‌തിക്കർ അഹമ്മദ് പ്രതികരിച്ചു. സിന്ധു നദീജലക്കരാർ ഇന്ത്യ ലംഘിച്ചതടക്കമുള്ള വിഷയം ഉന്നയിച്ചെന്നും പറഞ്ഞു.
യുദ്ധസാഹചര്യത്തില്‍ മുന്നൊരുക്കം
ജമ്മു, പഞ്ചാബ് തുടങ്ങിയ അതിർത്തിമേഖലകളിലെ സ്‌കൂളുകളിൽ ഏറ്റുമുട്ടൽ സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഏതുവിധം വേണമെന്ന് കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങി. യുദ്ധസാഹചര്യമുണ്ടായാൽ ജനങ്ങൾ ഏതുവിധം പ്രതികരിക്കണമെന്ന പരിശീലനമാണ് മോക് ഡ്രില്ലിലൂടെ നൽകുന്നത്. വ്യോമാക്രമണം, മിസൈൽ ആക്രമണം തുടങ്ങിയ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും അഭ്യസിക്കുകയും ചെയ്യും. വ്യോമാക്രമണ സാധ്യത രാത്രികാലത്തായതിനാൽ ഈ സമയം സ്വീകരിക്കേണ്ട നടപടികളും പരിശീലിക്കും.










0 comments