കർഷക ആത്മഹത്യകൾ പെരുകുന്നു
കൃഷി ചെയ്യാൻ ചെലവ് 22 രൂപ, കർഷകർക്ക് ലഭിക്കുന്നത് 8 രൂപ; ഉള്ളിവില അട്ടിമറിച്ച് കേന്ദ്ര സർക്കാർ

മുംബൈ: കേന്ദ്ര സർക്കാരിന്റെ തെറ്റായ ഇടപെടൽ മൂലം രാജ്യമാകെ ഉള്ളി കർഷകർ വൻ നഷ്ടം നേരിടുന്നതായി കർഷക സംഘടനകൾ. ഉള്ളിയുടെ ഉൽപ്പാദന ചെലവ് കിലോഗ്രാമിന് 22 മുതൽ 25 രൂപ വരെയായിരിക്കെ ഈ വർഷം കർഷകർക്ക് ലഭിച്ച ശരാശരി വിപണി വില 8 മുതൽ 18 രൂപ വരെ മാത്രമായിരുന്നു. മഹാരാഷ്ട്രയിൽ ഉൾപ്പെടെ കർഷ ആത്മഹത്യകൾ പെരുകുമ്പോഴാണ് നിസ്സഹായത.
രാജ്യത്തുടനീളം ഉള്ളി കർഷകർക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നത് കേന്ദ്ര സർക്കാരിന്റെ തെറ്റായ ദിശയിലുള്ള വിപണി ഇടപെടൽ നയങ്ങൾ മൂലമാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഓണിയൻ ഗ്രോവേഴ്‌സ് ഫാർമേഴ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ഭാരത് ദിഘോളെ പറയുന്നു.
വില നിയന്ത്രിക്കാൻ എന്ന പേരിൽ സർക്കാർ ഇടനിലക്കാർക്ക് വേണ്ടി ഇടപെടൽ നടത്തുകയാണ്. ഈ ചൂഷണം വഴി ചോർത്തപ്പെടുന്ന തുക ലഭിച്ചാൽ പോലും കർഷകർക്ക് ആശ്വാസം ലഭിക്കുമായിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികൾ കർഷകരെ ചൂഷണം ചെയ്യാൻ കൂട്ടു നിൽക്കുന്ന സാഹചര്യമാണ്.
ഉള്ളിവല വർധിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ വലിയ രാഷ്ട്രീയ വിഷയമാണ്. ഭരണ വിരുദ്ധ വികാരം ഉയർത്തുന്നതിന് ഇത് കാരണമായി മാറുന്നതാണ് പ്രവണത. ഇതിനെ നേരിടാൻ വിലക്കയറ്റം പിടിച്ച് നിർത്താൻ എന്ന പേരിൽ കർഷകരെ ബലിയാടാക്കുന്ന നയമാണ് കേന്ദ്ര സർക്കാർ കൈക്കൈള്ളുന്നത്.
ഈ സമീപനങ്ങൾ കർഷകരെ വലിയ നഷ്ടത്തിലേക്കും കടബാധ്യതയിലേക്കും തള്ളിയെന്ന് നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ അധ്യക്ഷനായ ദിഘോളെ പറയുന്നു.

2025 ജനുവരിയിൽ കർഷകർക്ക് ലഭിച്ച ശരാശരി വില കിലോഗ്രാമിന് 20 രൂപയായിരുന്നു. ഫെബ്രുവരിയിൽ അത് 22 രൂപയായി. മാർച്ചിൽ 14 രൂപയിലേക്കും ഏപ്രിലിൽ 8 രൂപയിലേക്കും വില കുത്തനെ ഇടിഞ്ഞു.
മേയിൽ 9 രൂപയും ജൂണിൽ 13 രൂപയും ലഭിച്ചപ്പോൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 12 രൂപയായി. സെപ്റ്റംബറിൽ വീണ്ടും 9 രൂപയിലേക്കു താഴ്ന്നു. ഒക്ടോബറിൽ 10 രൂപയും നവംബറിൽ 12 രൂപയുമായി. ഡിസംബർ 1 മുതൽ 15 വരെ 14–15 രൂപയായിരുന്ന വില. ഡിസംബർ 15ന് ശേഷം മാത്രമാണ് 18 രൂപയിലേക്കുയർന്നത്.
“ഈ വിലകളൊന്നും ഉൽപ്പാദന ചെലവിനോട് അടുത്ത് പോലും എത്തുന്നില്ല. കർഷകർ അനുഭവിക്കുന്ന നഷ്ടത്തിന്റെയും വർധിച്ച കടബാധ്യതയുടെയും മുഖ്യ കാരണം ഈ ചാഞ്ചാട്ടമാണ്. എന്നിട്ടും ഓരോ വർഷവും അവർ പ്രതീക്ഷയോടെ കൃഷി ഇറക്കുന്നത് ആവർത്തിക്കുന്നു. സർക്കാരിലും സംവിധാനങ്ങളിലും വിശ്വാസം അർപ്പിച്ച് കാത്തിരിക്കുന്നു.

രാജ്യത്ത് ആവശ്യത്തിന് ഉള്ളി ലഭ്യമായിരുന്നിട്ടും നാഫെഡ് (NAFED), എൻസിസിഎഫ് (NCCF) എന്നിവ മുഖേന സർക്കാർ ഏകദേശം മൂന്ന് ലക്ഷം ടൺ ഉള്ളി ബഫർ സ്റ്റോക്കിനായി വാങ്ങിയിരുന്നു. ഇത് കർഷകരെ സഹായിക്കാനാണ് എന്നാണ് വിശ്വസിക്കപ്പെട്ടത്.
എന്നാൽ ഈ വാങ്ങൽ ഒന്നും തന്നെ നേരിട്ട് കർഷകരിൽ നിന്ന് ആയിരുന്നില്ല. ഇടനിലക്കാർ, കരാറുകാർ, സ്വകാര്യ ഏജൻസികൾ എന്നിവരിലൂടെ വ്യാപകമായ ക്രമക്കേടുകൾക്കും സാമ്പത്തിക അഴിമതികൾക്കും വഴി തുറന്നിട്ടാണ് സംഭരണം നടത്തിയത്. ഇതിന് പിന്നിൽ ആരുടെ താത്പര്യമെന്ന് വ്യക്തമല്ല. എന്നാൽ ഇടനില കാശ് എങ്ങോട്ട് പോകുന്നു എന്നത് ആർക്കും മനസിലാവും.
ഇങ്ങനെ സർക്കാർ വാങ്ങിക്കൂട്ടി ബഫർ സ്റ്റോക്കിൽ ഉൾപ്പെടുത്തിയ ഉള്ളി പിന്നീട് വളരെ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയിൽ ഇറക്കി. ഇതുമൂലം വർഷം മുഴുവൻ വിപണി വില തകർന്നടിഞ്ഞു. വില പുനരുജ്ജീവനത്തിനുള്ള എല്ലാ സാധ്യതകളും തകർത്തു. കർഷകർ നഷ്ടത്തിൽ ഉള്ളി വിൽക്കാൻ നിർബന്ധിതരായി. ഉള്ളിയുടെ വിലയിൽ മാത്രമുള്ള ഈ താത്പര്യം എന്താണെന്ന് കർഷകർ ചോദിക്കുന്നു.

കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ബഫർ സ്റ്റോക്ക് സംവിധാനം “ബ്രോക്കർമാരെ സംരക്ഷിക്കുന്ന പദ്ധതിയായി” മാറ്റുകായണ് ചെയ്തത്. വ്യാജവും നിലവാരമില്ലാത്തതുമായ വാങ്ങലുകൾ വഴി ചിലർക്കു മാത്രം പ്രയോജനം ലഭ്യമാക്കി. കർഷകർ കടത്തിൽ മുങ്ങി, പലരും ആത്മഹത്യയുടെ വക്കിലെത്തി. അപ്പോഴും, സർക്കാർ സംഭരണ കണക്കുകൾ കാട്ടി വിജയം അവകാശപ്പെടുകയാണ് ചെയ്യുന്നതെന്ന് കർഷക സംഘടനകൾ ചൂണ്ടികാട്ടുന്നു.
മാർക്കറ്റിലെ വിലക്കുറവ് ആഘോഷിക്കയും കർഷകരെ മറക്കുകയും ചെയ്തു. കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യം ഇടനിലക്കാർക്കായി വീതിക്കാൻ അവസരം നൽകി.
സമര രംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് അവർ. 2025-ൽ നടന്ന ഉള്ളി ബഫർ സ്റ്റോക്ക് വാങ്ങലും വിതരണവും സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്ന് ആവശ്യപ്പെടുന്നു. നാഫെഡ്-എൻസിസിഎഫ് വാങ്ങലുകളിൽ പങ്കെടുത്ത ഏജൻസികൾക്കെതിരെയും സാമ്പത്തിക അന്വേഷണം വേണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും കരാറുകാരർക്കും ഇടനിലക്കാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. ഇതുവഴി കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സർക്കാർ സത്യസന്ധത കാണിക്കണം. എന്നിങ്ങനെ ആവശ്യങ്ങളും ഉന്നയിക്കുന്നു.










0 comments