print edition ഇന്ത്യൻ വിപണി ന്യൂസിലൻഡിന് അടിയറവച്ചു; മീനും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും

വാണിജ്യ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്‌ക്ലേയും കരാറിൽ ഒപ്പുവച്ചപ്പോൾ
ന്യൂഡൽഹി: മോദി സർക്കാർ ന്യൂസിലൻഡുമായി ഒപ്പുവെച്ച സ്വതന്ത്രവ്യാപാര കരാർ ഇന്ത്യയുടെ ക്ഷീര– മത്സ്യബന്ധന– കാർഷിക മേഖലകൾക്ക് കനത്ത തിരിച്ചടി. കാർഷികോൽപ്പന്നങ്ങളും മത്സ്യസമ്പത്തും അടക്കം ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിക്കുറച്ചു.
കരാർ നിലവിൽവരുന്നതോടെ 50 ശതമാനം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇല്ലാതാകും. ശേഷിക്കുന്നവയുടെ ഇറക്കുമതി തീരുവ ഏഴ് മുതൽ 10 വർഷത്തിനിടെ ഇന്ത്യ വെട്ടികുറയ്‌ക്കും.
ആഴക്കടൽ മത്സ്യബന്ധനത്തിന് പേരുകേട്ട ന്യൂസിലൻഡിൽ നിന്നുള്ള ഇറക്കുമതി തീരുവരഹിതമാകുന്നതോടെ വലിയതോതിൽ സമുദ്രോൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. ആപ്പിൾ, കിവി പഴം, ചെറി തുടങ്ങിയ പഴവർഗങ്ങളുടെ ഇറക്കുമതി തീരുവയിലും ഗണ്യമായ് കുറയും. ആപ്പിളിന്റെ തീരുവ കുറയ്‌ക്കാൻ ആദ്യമായാണ് ഇന്ത്യ സന്നദ്ധമാക്കുന്നത്. തേൻ അടക്കം വനവിഭവങ്ങളുടെ തീരുവയും കുറയ്‌ക്കും. ആട്ടിറച്ചിയും തീരുവരഹിതമാകും.
ക്ഷീരോൽപ്പന്ന കയറ്റുമതിയിൽ ലോകത്തിൽതന്നെ മുൻനിരയിലുള്ള രാജ്യമാണ് ന്യൂസിലൻഡ്. ക്ഷീരമേഖലയെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടെങ്കിലും ഒട്ടനവധി ക്ഷീരോൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവ കുറയ്‌ക്കാമെന്ന ഉറപ്പ് നൽകി. നവജാത ശിശുക്കൾക്കായുള്ള പാൽ അധിഷ്‌ഠിത ഉൽപ്പന്നം, മിൽക്ക് പ്രോട്ടീൻ, പെപ്പ്‌റ്റോൺ തുടങ്ങിയവയുടെ തീരുവ ഘട്ടംഘട്ടമായി കുറയ്‌ക്കും. സമുദ്രോൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും ഘട്ടംഘട്ടമായി ഇല്ലാതാക്കും.
45 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡിന്റെ ചെറിയ വിപണി ലഭ്യമാക്കുന്നതിനാണ് 150 കോടി ജനങ്ങളുടെ വമ്പൻ വിപണി ഇന്ത്യ തുറന്നുകൊടുത്തത്. ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരംകൂടി കിട്ടിയാൽ കരാർ പ്രാബല്യത്തിലാകും. അതേസമയം, ഇന്ത്യയിൽ പാർലമെന്റിന്റെ അനുമതി ആവശ്യമില്ല.
കാപ്പി, സുഗന്ധവ്യഞ്‌ജനങ്ങൾ, പഞ്ചസാര, ഭക്ഷ്യഎണ്ണ, റബർ എന്നിവയെ കരാറിൽനിന്ന് ഒഴിവാക്കിയത് നേട്ടമായി പീയുഷ് ഗോയൽ അവകാശപ്പെട്ടു. എന്നാൽ ഇൗ ഉൽപ്പന്നങ്ങളൊന്നും ന്യൂസിലൻഡിൽ കാര്യമായി ഇല്ല. മരുന്ന്, തുകൽ, പാദരക്ഷ, ടെക്‌സ്‌റ്റൈൽസ്, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയും തീരുവരഹിതമാകും.
ന്യൂസിലൻഡിലെ ഐടി അടക്കമുള്ള സേവന മേഖലയിലേക്ക് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ പ്രവേശനാനുമതി കിട്ടുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. 5000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താൽകാലിക തൊഴിൽ വിസ ലഭിക്കും. ഇന്ത്യൻ വിദ്യാർഥികൾക്ക് ന്യൂസിലൻഡിൽ പരിധിയില്ലാതെ പ്രവേശനം ലഭിക്കും.
വാണിജ്യ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറിൽ ഒപ്പുവച്ചത്. യുകെ,യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള കരാറുകൾക്ക് പിന്നാലെയാണ് മോദി സർക്കാർ ന്യൂസിലൻഡുമായും കരാറൊപ്പിട്ടത്.










0 comments